ചന്ദ്രനെതൊടാനുള്ള ഇച്ഛാശക്തി കാണിക്കാനായി: തിരിച്ചടിയില്‍ തളരരുതെന്നും പ്രധാനമന്ത്രി
ബംഗളുരൂ: ചാന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയില്‍ തളരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീണ്ടും പരിശ്രമങ്ങള്‍ തുടരണം. ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്.ഒ കേന്ദ്രത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
ചാന്ദ്രയാന്‍-2 പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് ഐ.എസ്.ആര്‍ഒ കേന്ദ്രത്തില്‍നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചത്.
ശാസ്ത്രജ്ഞരോടൊപ്പം മുഴുവന്‍ രാജ്യമുണ്ട്. ലക്ഷ്യത്തിനു തൊട്ടരികില്‍ നമ്മളെത്തി. പരിശ്രമങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല, ഇനിയും തുടരണം. ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനിരിക്കുന്നു. ചന്ദ്രനെതൊടാനുള്ള ഇച്ഛാശക്തിയില്‍ നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി ഐ.എസ്.ആര്.ഒ അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ അകലെ വെച്ചാണ് ബന്ധം നഷ്ടപ്പെട്ടത്. നിരാശപ്പെടേണ്ടെന്നും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."