മതപരിവര്‍ത്തനം വിവാദമാക്കുന്നതിന് പിന്നില്‍
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇടയ്ക്കിടെ കേള്‍ക്കാറുള്ള ഒന്നാണു മതപരിവര്‍ത്തനവിവാദങ്ങള്‍. എന്നാല്‍, ഈയിടെയായി മതപരിവര്‍ത്തന സംസാരങ്ങള്‍ക്ക് അല്‍പം ശക്തികൂടിയിട്ടുണ്ട്; പ്രത്യേകിച്ചു കേരളത്തില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള സംസാരങ്ങളും ചര്‍ച്ചകളും എന്നും ചൂടുപിടിച്ചു നില്‍ക്കാറുണ്ട്.
കേരളത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്കു ചൂടുപിടിക്കുന്നതു മലയാളികളെ ഐ.എസിലേയ്ക്കു റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ്. ഇത്തരത്തിലൊരു വാര്‍ത്ത വന്നതു മുതല്‍ പലരും പലരീതിയില്‍ ഇതു മുതലെടുക്കുന്നു. ട്രോളന്‍മാര്‍ മലയാളികളുടെ ഐ.എസ് പ്രവേശനം ട്രോളി ആഘോഷിക്കുന്നു. മതപരിവര്‍ത്തനം എങ്ങനെയെങ്കിലും തടയണമെന്ന ലക്ഷ്യവുമായി സര്‍ക്കാറിന്റെ മുന്നില്‍ മതപരിവര്‍ത്തനത്തിന്റെ ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്ന മാധ്യമങ്ങള്‍.
സ്വമേധയാ ഇസ്‌ലാമിലേയ്ക്കു കൂടുതലാളുകള്‍ കടന്നുവരുന്നതു തടയണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവരാണ് അണിയറയിലുരുന്നു ചരടുവലിക്കുന്നത്. യഥാര്‍ഥത്തില്‍ മതപരിവര്‍ത്തനമെന്നത് ഒറ്റദിവസംകൊണ്ടു നിര്‍ബന്ധിച്ചു നടത്താനാവുന്ന ഒന്നല്ല. മതങ്ങളെക്കുറിച്ചു കാലങ്ങളായി പഠിച്ചും അനുഭവിച്ചും ഓരോരുത്തര്‍ക്കും നല്ലതെന്നു തോന്നുന്നിടത്തേയ്ക്കു മാറുന്നു. അതു പല കാലങ്ങളിലായി നടക്കുന്ന പ്രക്രിയയാണ്.
ഇസ്‌ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചതിനുശേഷം ശഹാദത്ത് കലിമയിലൂടെ മുസ്‌ലിമെന്ന പ്രക്രിയക്കു തുടക്കംകുറിക്കുന്നു. ആ വ്യക്തിയാണു പിന്നീടു മുസ്‌ലിം സമൂഹത്തിലെ കണ്ണിയായി മാറുന്നത്. ചിലപ്പോള്‍ അതു നല്ല ആത്മീയജീവിതം തേടിയുള്ള മാറ്റമായിരിക്കും. മറ്റുചിലപ്പോള്‍ നല്ലജീവിതംതേടിയുള്ള അലച്ചിലിന്റെ അവസാനമായിരിക്കും.
ചിലര്‍ സ്വസ്ഥമായ ജീവിതത്തിന്റെ ഇടംതേടിയായിരുന്നു ഇസ്‌ലാമിലേയ്ക്കു മതംമാറിയത്. തമിഴ്‌നാട്ടില്‍നിന്ന് ഇത്തരത്തിലൊരു വാര്‍ത്ത കേട്ടിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതിന് ഇരുനൂറോളം ദലിത്കുടുംബങ്ങള്‍ ഇസ്‌ലാമിലേയ്ക്കു മതംമാറിയെന്നത്. ഇസ്‌ലാമിലെ സൈ്വരജീവിതം ലക്ഷ്യംവച്ചാണ് ഇത്തരത്തിലൊരു മതംമാറ്റമെന്നല്ലേ ചിന്തിക്കേണ്ടത്.
ധാക്ക അക്രമണവും സാക്കിര്‍നായിക്കിനെതിരേയുള്ള ആരോപണങ്ങളുമാണു മലയാളക്കരയില്‍ ഇത്തരം ചര്‍ച്ചകള്‍ക്കു ചൂടുപിടിക്കാന്‍ കാരണം. ഇസ്‌ലാമിലേയ്ക്കു നിര്‍ബന്ധിച്ചു മതംമാറ്റുന്നുവെന്നും ഐ. എസില്‍ ചേര്‍ക്കുന്നുവെന്നുമൊക്കെയാണു സംസാരം. ഐ.സിലേയ്ക്കു ചേര്‍ക്കുന്നതിനായി മലയാളികളെ നിര്‍ബന്ധിച്ച് ഇസ്‌ലാമില്‍ ചേര്‍ത്തെന്നും ഇതിനു പണംവാങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇസ്‌ലാമില്‍ നിര്‍ബന്ധിച്ചുചേര്‍ക്കാനോ മതത്തില്‍ ചേര്‍ത്തതിനു കമ്മിഷന്‍ പറ്റാനോ ഖുര്‍ആനോ സുന്നത്തോ പറയുന്നില്ല. ഇസ്‌ലാമിനെ അപരിഷ്‌കൃതമായി മറ്റുള്ളവര്‍ക്കു മുന്നില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രമാണ് ഇത്തരത്തില്‍ പലതും കാട്ടിക്കൂട്ടുന്നത്. ഇസ്‌ലാമികദര്‍ശനങ്ങളില്‍ ആകൃഷ്ടരായി സ്വമേധയാ ഇസ്‌ലാം സ്വീകരിക്കുന്നവരല്ലാതെ ഇസ്‌ലാമിലേയ്ക്കു നിര്‍ബന്ധിച്ച് ആരെയും ചേര്‍ക്കാറില്ല. ഖുര്‍ആനിലെ രണ്ടാംഅധ്യായമായ അല്‍ബഖറയിലെ 256 ാമത്തെ വചനത്തില്‍ ഇങ്ങനെ പറയുന്നു: 'മതത്തില്‍ അടിച്ചേല്‍പ്പിക്കലില്ല. ദുര്‍മാര്‍ഗത്തില്‍ സന്മാര്‍ഗം വ്യതിരിക്തമായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആരെങ്കിലും പിശാചിനെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പൊട്ടാത്ത പാശം തന്നെയാണു പിടിച്ചിരിക്കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.'
തൗബ സൂറത്തിലെ ആറാമത്തെ ആയത്തില്‍ ഇങ്ങനെ പറയുന്നു: 'ഏതെങ്കിലും ബഹുദൈവാരാധകന്‍ നിങ്ങളുടെ അടുത്തേയ്ക്ക് അഭയംതേടി വന്നാല്‍ അവന് അഭയംനല്‍കി സുരക്ഷിതസ്ഥാനത്തെത്തിക്കുക.'
ഇതിലെവിടെയും അവനെ നിര്‍ബന്ധിച്ചു മതംമാറ്റാനോ അക്രമിക്കാനോ പ്രേരിപ്പിക്കുന്നില്ല. മതപ്രബോധനവുമായി യമനിലേയ്ക്കു പുറപ്പെട്ട മുആദ്ബ്‌നു ജബല്‍ (റ) വിനോടു നബി ഇങ്ങനെയാണു പറഞ്ഞത്: 'യമനിലുള്ളവരോടു നിങ്ങള്‍ യുദ്ധം ചെയ്യരുത്; അവരെ നിങ്ങള്‍ ഇസ്‌ലാമിലേയ്ക്കു ക്ഷണിക്കുന്നതുവരെ. അവര്‍ ഇസ്‌ലാമിലേയ്ക്കു വന്നില്ലെങ്കിലും നിങ്ങള്‍ അവരോടു യുദ്ധം ചെയ്യരുത്. അവര്‍ യുദ്ധം തുടങ്ങിയാലും നിങ്ങള്‍ അവരോടു യുദ്ധം ചെയ്യരുത്; നിങ്ങളില്‍ ഒരാളെ കൊല്ലുന്നതു വരെ.'യമനില്‍ച്ചെന്നു ബലമായി അവിടെയുള്ളവരെ പിടിച്ച് ഇസ്‌ലാമില്‍ ചേര്‍ക്കണമെന്നു പ്രവാചകന്‍ പറഞ്ഞില്ല. കാരണം, അത്രമേല്‍ സുരക്ഷിതമാണ് ഇസ്‌ലാമിക ദര്‍ശനങ്ങള്‍. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: 'മഹ്ശറില്‍ വിചാരണ തുടങ്ങിയാല്‍ അല്ലാഹു മലക്കുകളോട് ഇങ്ങനെ വിളിച്ചുപറയാന്‍ കല്‍പ്പിക്കും. ഏതെങ്കിലും അമുസ്‌ലിമിനെ അകാരണമായി ആരെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവനു സ്വര്‍ഗത്തില്‍ കടക്കാന്‍ സാധിക്കുകയില്ല.'
സമാധാനമാണ് ഇസ്‌ലാം പ്രചരിപ്പിക്കുന്നതെന്നു ചിന്തിക്കാന്‍ ഇതിനപ്പുറം തെളിവൊന്നും ആര്‍ക്കും വേണ്ടിവരില്ല. അന്യമതക്കാരുള്ള ചുറ്റുപാടില്‍ എല്ലാവരും തോളോടു തോള്‍ ചേര്‍ന്നു ജീവിക്കണമെന്നാണ് ഇസ്‌ലാം പറഞ്ഞത്. ഇസ്‌ലാമിലേയ്ക്കുള്ള മതപരിവര്‍ത്തനം സാധ്യമാക്കുന്നത് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സമഭാവനയും ഉയര്‍ന്ന ജീവിതശൈലിയുംകൊണ്ടു മാത്രമാണ്. ഭൗതികതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഇസ്‌ലാം ആരെയും മതത്തിലേയ്ക്കു കടന്നുവരാന്‍ പ്രേരിപ്പിക്കുന്നില്ല. ഇസ്‌ലാമിലേക്കുള്ള ആളുകടെ വരവിനെ തടയിടാനാണ് ഇസ്‌ലാമോ ഫോബിയ ബാധിച്ച ഒരുകൂട്ടം ആളുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യത്തെ പുകമറ സൃഷ്ടിച്ച് ഇരുട്ടാക്കിയാലും എന്നും സത്യം വിജയിക്കുമെന്നാണ് ഓരോ വിശ്വാസിയും മനസിലാക്കിയിട്ടുള്ളത്. ഇത്തരം ആരോപണങ്ങള്‍ക്കെതിരേ യുക്തമായി പ്രതികരിക്കുക എന്നതാണ് വിശ്വാസിയുടെ കടമ. ഇതിന് ഏറ്റവും നല്ല ഒരു ഉദാഹരണം പറയാം. യമാമയിലെ രാജാവായിരുന്നു സുമാമാ (റ) വിന്റെ ഇസ്‌ലാമാശ്‌ളേഷണം ഇത്തരത്തിലൊന്നാണ്. മദീനാപള്ളിയിലെത്തി അക്രമം കാണിച്ചതിന് സുമാമ (റ) മദീനാപള്ളിയുടെ തൂണില്‍ കെട്ടിയിട്ടു. മൂന്നു ദിവസം അദ്ദേഹത്തിനു വേണ്ട എല്ലാ പരിചരണവും സഹാബാക്കള്‍ അദ്ദേഹത്തിന് നല്‍കി. ഈ സമയം തന്നെ മോചിപ്പിച്ചാല്‍ നബി തങ്ങള്‍ക്കും കൂട്ടര്‍ക്കും പല മോഹന വാഗ്ദാനങ്ങളും നല്‍കി. നബിയും സഹാബത്തും അതിനൊന്നും വഴങ്ങിയില്ല. മൂന്ന്് ദിവസത്തിന് ശേഷം അവിടെ നിന്നും മോചിതനായ സുമാമ ഇസ്‌ലാം സ്വീകരിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. അത് അവിടെയുണ്ടായിരുന്നവരുടെ ജീവിത രീതിയും പെരുമാറ്റവും കൊണ്ടായിരുന്നു. ഇത്രയ്ക്ക് സുതാര്യവും സുന്ദരവുമാണ് ഇസ്‌ലാമിക ദര്‍ശനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."