ഇന്ത്യക്ക് കരുത്തുപകര്‍ന്ന് ഖത്തര്‍ മലയാളികള്‍
കല്‍പ്പറ്റ: ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കരുത്ത് കാട്ടാനൊരുങ്ങുന്ന ഇന്ത്യക്ക് പരിശീലനക്കളരിയൊരുങ്ങിയത് ഖത്തറില്‍. ഇതിന് ചുക്കാന്‍ പിടിച്ചതാവട്ടെ മലയാളി കൂട്ടായ്മയില്‍ രൂപം കൊണ്ട വോളിഖ് എന്ന സംഘടനയും അതിന്റെ അമരക്കാരന്‍ ആഷിഖ് അഹമ്മദും. ഇവരുടെ പരിശ്രമത്തിലൂടെ പരിശീലനത്തിന് ഖത്തര്‍, ചൈന, ആസ്‌ത്രേലിയ ടീമുകളെയാണ് ഇത്തവണ ഇന്ത്യക്ക് ലഭിച്ചത്.
മേമുണ്ടയിലെ സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ട് തുടങ്ങിയതാണ് ആഷിഖ് അഹമ്മദെന്ന വടകരക്കാരന് വോളിബോളിനോടുള്ള പ്രണയം. വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് ഖത്തറിലെ ഗ്യാസ് കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുമ്പോഴും വോളിബോളിനോടുള്ള അന്നത്തെ പ്രണയത്തില്‍നിന്ന് ഒരടി ആഷിഖ് പിറകോട്ട് പോയിട്ടില്ല. മാത്രമല്ല രാജ്യത്തിന്റെ വോളിബോള്‍ യശസ് ഖത്തറിലും മറ്റും പടര്‍ന്ന് പന്തലിക്കാന്‍ കാരണക്കാരന്‍ കൂടിയായി മാറി ഈ എന്‍ജിനീയര്‍. 1996ലാണ് ആഷിഖ് അഹമ്മദ് ജോലി ആവശ്യാര്‍ഥം ഖത്തറിലെത്തുന്നത്. ആദ്യം ഖത്തര്‍ പെട്രോളിയം കമ്പനിയിലായിരുന്നു ജോലി. പിന്നീട് ഖത്തര്‍ ഗ്യാസ് കമ്പനിയിലേക്ക് മാറി. ഇങ്ങനെ ജീവിതത്തിലും ജോലിയിലുമെല്ലാം പല മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും ആഷിഖിന്റെ വോളിബോള്‍ ഭ്രമം ഒട്ടും കുറയാതെ മനസിലുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഖത്തറിലെ വോളിബോള്‍ ഗ്രൗണ്ടുകളിലെല്ലാം ആഷിഖ് നിറസാന്നിധ്യവുമായി. ഇങ്ങനെയിരിക്കുമ്പോഴാണ് കളിക്കിടെ വോളിബോളിന്റെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ആഷിഖിലുണ്ടാകുന്നത്. അങ്ങനെ തന്റെ മനസിലുദിച്ച ആശയം ആഷിഖ് സുഹൃത്തുക്കളുമായി പങ്കുവച്ചു. അതിന്റെ ഫലമായി ഖത്തറിലും ജന്മനാട്ടിലുമുള്ള വോളിബോളിന്റെ ഉന്നമനത്തിനായി 'വോളിഖ്' എന്ന സംഘടനക്ക് ഇവര്‍ രൂപം നല്‍കി.
രാജ്യത്തെ വോളിബോളിന് ഉണ്ടാക്കിക്കൊടുത്ത വേരോട്ടമാണ് വോളിഖിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ സമ്പാദ്യം. അതിലെ അവസാന കണക്കാണ് ഈ മാസം 13 മുതല്‍ ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരക്കാനിരിക്കുന്ന ഇന്ത്യന്‍ ടീം പരിശീലനത്തിനായി ഖത്തറിലെത്തിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ടീം പരിശീലന മത്സരങ്ങള്‍ക്കായി ഖത്തറിലെത്തുന്നത്. രണ്ട് തവണയും ഇവരെ ഇവിടെ എത്തിച്ചത് ആഷിഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള വോളിഖ് ടീമാണ്.
2009 മുതല്‍ വോളിഖ് ഖത്തറില്‍ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും താരങ്ങളെ പങ്കെടുപ്പിച്ച് മേജര്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത് 2013 വരെ തുടര്‍ന്നു. ഇവരുടെ സംഘാടന മികവും ആത്മാര്‍ഥതയും ശ്രദ്ധയില്‍പ്പെട്ട ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ 2014ല്‍ അവര്‍ സംഘടിപ്പിച്ച ഇന്റര്‍ കമ്മ്യൂണിറ്റി വോളിബോള്‍ ടൂര്‍ണമെന്റില്‍ സംഘാടകരായി വോളിഖിനെ ക്ഷണിച്ചു. ഖത്തറിന് പുറമെ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ജോര്‍ദാന്‍, ഫലസ്തീന്‍, സുദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളായിരുന്നു അന്ന് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ഇത് വന്‍വിജയമായതോടെ ഇന്ത്യന്‍ വോളിബോള്‍ അസോസിയേഷനുമായും മറ്റ് സംസ്ഥാന അസോസിയേഷനുകളുമായും മികച്ച ബന്ധം ഉണ്ടാക്കിയെടുക്കാന്‍ വോളിഖിന്റെ സംഘാടകര്‍ക്കായി. ഇതിന് പിന്നാലെ ഖത്തറില്‍ നടക്കുന്ന റമദാന്‍ വോളിബോള്‍ ടൂര്‍ണമെന്റിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിക്കാനും ഇവര്‍ക്ക് സാധിച്ചു.
ഖത്തര്‍, ഈജിപ്ത്, കാമറൂണ്‍ എന്നീ ടീമുകളുമായായിരുന്നു അന്നത്തെ മത്സരങ്ങള്‍. ഇത് ദേശീയ വോളിബോള്‍ അസോസിയേഷനുമായുള്ള ബന്ധം ദൃഢപ്പെടാന്‍ കാരണമായി. ഇതോടെ ദേശീയ വോളിബോള്‍ അസോസിയേഷന്‍ 2018ലെ സീനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിന് ഖത്തറില്‍ പരിശീലനം നടത്താന്‍ അവസരമൊരുക്കാമോയെന്ന് ഇവരോട് ആരാഞ്ഞു. സംഘടനയുടെ 10ാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയായിരുന്നു ഇത്. ഇതോടെ ദേശീയ ടീമിന് പരിശീലന മത്സരങ്ങള്‍ നടത്താനുള്ള അവസരമൊരുക്കാനും ഒപ്പം തങ്ങളുടെ വാര്‍ഷികം കളറാക്കാനും ഇവര്‍ക്ക് സാധിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇത്തവണയും വോളിഖിന്റെ സഹായം തേടി ഇന്ത്യന്‍ വോളിബോള്‍ അസോസിയേഷന്‍ എത്തി. ഇതൊക്കെ നേടിക്കൊടുത്തത് വോളിഖ് എന്ന വോളിബോളിനെ സ്‌നേഹിക്കുന്ന സംഘടനയുടെയും അതിന്റെ അമരക്കാരനായ ആഷിഖ് അഹമ്മദെന്ന എന്‍ജിനീയറുടെയും ശ്രമഫലമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."