കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ക്ക് ഓസ്‌ഫോജ്‌നയുടെ ആദരം
അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍
അറിവിന്റെ അക്ഷയഖനിയായ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ സീനിയര്‍ മുദരിസും സമസ്തയുടെ പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനുമായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായിരുന്ന മര്‍ഹൂം കെ.കെ അബൂബക്കര്‍ ഹസ്‌റത്തിന്റെ നാമധേയത്തിലുള്ള ഓസ്‌ഫോജ്‌ന അവാര്‍ഡ് സമര്‍പ്പണം ഇന്നു നടക്കുകയാണ്.
കേരളക്കരയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതരില്‍ ഏറ്റവും അധികം ശിഷ്യഗണങ്ങളുള്ള മഹാപണ്ഡിതനാണ് ഉസ്താദുല്‍ അസാതീദ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. സമസ്തയുടെ മുന്‍നിരയിലെ ഇന്നത്തെ മിക്ക നേതാക്കളും അദ്ദേഹത്തിന്റെ ശിഷ്യന്മാരോ ശിഷ്യന്മാരുടെ ശിഷ്യന്മാരോ ആയിരിക്കും. മതനിയമങ്ങളില്‍ ഖണ്ഡിതമായി വിധികല്‍പിക്കാന്‍ കഴിവുള്ള തഹ്ഖീഖുല്ല വിനയത്തിന്റെ നിറകുടമായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ 1974 മുതല്‍ ഉമ്മുല്‍ മദാരിസായ പട്ടിക്കാട് ജാമിഅയില്‍ മുദരിസായി എത്തിച്ചേരാന്‍ ഭാഗ്യം ലഭിച്ച മഹാനാണ്.
1943ല്‍ കുട്ടിഹസന്‍ ഹാജിയുടെയും ഖദിയുമ്മയുടെയും മകനായാണ് ഉസ്താദിന്റെ ജന നം. ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരമാണ് പിതാവ് മതരംഗത്തേക്ക് അദ്ദേഹത്തെ അയക്കുന്നത്. നാട്ടിലെ പള്ളി ദര്‍സില്‍ നിന്നാണ് പഠന ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പാണക്കാട്, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കി വീണ്ടും കോട്ടുമല ദര്‍സില്‍ എത്തി. അവിടെനിന്നാണ് പട്ടിക്കാട് ജാമിഅയില്‍ എത്തിയത്.
കിടങ്ങഴി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കോട്ടുമല അഹ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍, എം.എം ബഷീര്‍ മുസ്‌ലിയാര്‍ എന്നിവരാണ് ദര്‍സുകളിലെ പ്രധാന ഗുരുനാഥര്‍.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു അന്ന് ജാമിഅയിലുണ്ടായിരുന്നത്. കോളജില്‍നിന്ന് ഫൈസിയായി ഇറങ്ങിയ ശേഷം പള്ളിപ്പുറം, മൈലപ്പുറം എന്നിവിടങ്ങളില്‍ അധ്യാപനത്തിന് ശേഷം 1974ല്‍ ജാമിഅയില്‍ അധ്യാപകനായി എത്തി.
ജാമിഅയിലേക്ക് പ്രായം കുറഞ്ഞ ഒരധ്യാപകനെ ആവശ്യമായ ഘട്ടത്തില്‍ ശംസുല്‍ ഉലമായുടെയും കോട്ടുമല ഉസ്താദിന്റെയും നിര്‍ദേശപ്രകാരമാണ് ജാമിഅയിലെത്തുന്നത്. അന്ന് ശംസുല്‍ ഉലമയായിരുന്നു ജാമിഅയിലെ പ്രിന്‍സിപ്പല്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരായിരുന്നു അന്നവിടെ ഉണ്ടായിരുന്ന ഉസ്താദുമാര്‍. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ വന്ന ശേഷമാണ് കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്, കിടങ്ങഴി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കരുവാരകുണ്ട് കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരെല്ലാം കോളജില്‍ എത്തുന്നത്.
വിവിധ വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ ഗോള, ഗണിത ശാസ്ത്രങ്ങളിലുള്ള അവഗാഹം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. സമസ്ത കേന്ദ്ര മുശാവറ മെംബറായ ശൈഖുനാ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ആധ്യാത്മിക രംഗത്ത് വെളിച്ചം വിതറി ഉമ്മുല്‍ മദാരിസീനില്‍ വിളക്കുമാടമായി ജ്വലിച്ച് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിനുള്ള ആദരം സമര്‍പ്പിക്കുകയാണ് ഓസ്‌ഫോജ്‌നയുടെ യു.എ.ഇ ഘടകം. സമസ്തയുടെ സമുന്നതരായ നേതാക്കളും ഉമറാക്കളും സംബന്ധിക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.
(ഓസ്‌ഫോജ്‌ന യു.എ.ഇ ഘടകം ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."