ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ വഫാത്തായി; വിടപറഞ്ഞത് പാണക്കാട് ഹൈദരലി തങ്ങളുടെ സഹപാഠി
തൃശൂര്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ (72) വഫാത്തായി. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ 4.17നാണ് അന്തരിച്ചത്. മധ്യകേരളത്തിലെ സമസ്തയുടെ മുന്‍നിര നേതാവായ ചെറുവാളൂര്‍ ഉസ്താദ്, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹപാഠിയാണ്.
മയ്യിത്ത് ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ മറവുചെയ്യും. ഇപ്പോള്‍ ഏലംകുളം പാലത്തോളിലെ ജന്‍മനാട്ടിലാണ് മയ്യിത്ത് ഉള്ളത്. രണ്ടുമണിയോടെ പാലപ്പള്ളി പുളിക്കണ്ണിയിലെ ദാറു തഖ്‌വയിലേക്ക് കൊണ്ടുപോലും. തുടര്‍ന്ന് അഞ്ചുമണിക്ക് അവിടെ ഖബറടക്കും. സമസ്ത നേതാക്കളായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ മയ്യിത്ത് സന്ദര്‍ശിച്ചു.
പെരിന്തല്‍മണ്ണ ഏലംകുളം പാലത്തോട് തെക്കുംപുറം പൊന്നാക്കാരന്‍ സെയ്ദാലിയുടേയും ആയിഷ ഉമ്മയുടേയും ഏഴാമത്തെ മകനായി 1947 ഓഗസ്റ്റ് 15നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രധാന ശിഷ്യനും മുരീദുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മപ്പാട്ടുകര ജുമാമസ്ജിദില്‍ കീഗാഡയില്‍ കുഞ്ഞമ്മദ് ഹാജിയുടെ ശിഷ്യണത്തിലാണ് ദറസ് പഠനം ആരംഭിച്ചത്. പിന്നീട്, മല്ലിശ്ശേരി ജുമാമസ്ജിദില്‍ സൂഫിവര്യന്‍ പച്ചീരിക്കുത്ത് മൂസ മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടര്‍ന്നു. ചെത്തനാംകുറിശ്ശി കുഞ്ഞീന്‍ മുസ്്‌ലിയാരുടെ കീഴില്‍ വെള്ളിക്കാപ്പറ്റയിലും തോണിക്കടവത്ത് സൈതലവി മുസ്്‌ലിയാരുടേയും കൊടശ്ശേരി ഇബ്രാഹിം ഫൈസിയുടേയും കീഴില്‍ ഒടമല ജുമാമസ്ജിദിലും ദറസ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയയില്‍ ചേര്‍ന്ന് ഫൈസി ബിരുദം നേടി.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രിന്‍സിപ്പലും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ വൈസ് പ്രിന്‍സിപ്പലുമായിരുന്ന കാലത്തായിരുന്നു ജാമിഅയിലെ പഠനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അന്ന് ഉസ്താദിന്റെ സഹപാഠികള്‍ ആയിരുന്നു. 1974ല്‍ തൃശൂര്‍ ജില്ലയിലെ കൊരട്ടിക്കടുത്ത് ചെറുവാളൂര്‍ ജുമാമസ്ജില്‍ ഖത്തീബും മുദരിസുമായി സേവനം തുടങ്ങിയ അദ്ദേഹം 30 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ജില്ലയിലെ പുലിക്കണ്ണി ദാറുത്തഖ്‌വ അറബിക് കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയേറ്റു. 15 വര്‍ഷത്തോളമായി ദാറുത്തഖ്‌വയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന എസ്.എം.കെ തങ്ങളുടെ വഫാത്തിനെ തുടര്‍ന്ന് ഈ പദവിയിലേക്കെത്തിയ അദ്ദേഹം നിലവില്‍ എസ്.എം.എഫിന്റേയും ജംഇയ്യത്തുല്‍ മുദരിസിന്റേയും ജില്ലാ പ്രസിഡന്റും പാലത്തോള്‍ തെക്കുംപുറം മഹല്ല് പ്രസിഡന്റുമാണ്.
ഭാര്യ പരേതനായ കരിങ്ങനാട് കുഞ്ഞിബാപ്പു മുസ്‌ലിയാരുടെ മകള്‍ ആമിന. മക്കള്‍: അബ്ദുല്‍ ജബ്ബാര്‍ മുസ്്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി, ബഷരിയ. മരുമക്കള്‍: ഹിള്‌റ്(കൊപ്പം), ഷബ്‌ന, തന്‍വീറ, ആരിഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."