കേരളം ലജ്ജിക്കുന്ന അയിത്തം
പ്രബുദ്ധരായ ജനങ്ങള്‍ അധിവസിക്കുന്നുവെന്നു പറയപ്പെടുന്ന കേരളത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും അയിത്താചരണംപോലെയുളള സാമൂഹികദുരാചാരങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ നമ്മളെ ലജ്ജിപ്പിക്കേണ്ടതാണ്. പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയിലെ ചക്കിലിയസമുദായത്തില്‍പ്പെട്ടവര്‍ ഹീനമായ അയിത്താചരണത്തിനും സാമൂഹികമായ ഒറ്റപ്പെടുത്തലിനും വിധേയരാകുന്നുവെന്നാണു വാര്‍ത്ത.
സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പന്തിഭോജനത്തിന്റെയും ശ്രീനാരായണഗുരുദേവന്റെ ജാതിയില്ലാവിളംബരത്തിന്റെയും നൂറാംവാര്‍ഷികം ആഘോഷിക്കുന്ന സമയത്താണ് ദലിതരാണെന്ന കാരണത്താല്‍ സാമൂഹികമായ ഒറ്റപ്പെടലും അപമാനവും ശാരീരികമായ ആക്രമണവും സഹിച്ചുകൊണ്ട് ഒരുപറ്റം മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കേണ്ടിവരുന്നത്. ഓരോ മലയാളിക്കും ആത്മനിന്ദ തോന്നേണ്ട സമയമാണിത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടക്കുന്ന അഭിശപ്തമായ കാര്യങ്ങളാണ് പാലക്കാട്ടെ ഗോവിന്ദാപുരത്തു നടക്കുന്നത്. ഇവിടത്തെ ചായക്കടകളില്‍ ചക്കിലിയര്‍ക്കു പ്രത്യേക ഗ്ലാസും പാത്രങ്ങളുമാണ്. പൊതുജലസംഭരണിയില്‍ നിന്നു വെള്ളമെടുക്കുമ്പോള്‍ സാധാരണടാപ്പ് ഉപയോഗിക്കാന്‍ പറ്റില്ല, പ്രത്യേക ടാപ്പ് ഉപയോഗിക്കണം. ഇതൊക്കെ നടക്കുന്നതു കേരളത്തിലാണോയെന്നു തോന്നിപ്പോകും.
ആക്രമണങ്ങള്‍ക്കും അപമാനങ്ങള്‍ക്കും നിരന്തരം വിധേയരാകുന്ന ഈ മനുഷ്യരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതു ജുഗുപ്‌സാവഹമാണ്. മനുഷ്യന് അന്തസ്സോടെ തലയുയര്‍ത്തി ജീവിക്കാനും ജോലിചെയ്യാനും മറ്റു ജീവിതവ്യാപരങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവകാശത്തെ നിഷേധിക്കുന്ന ഏതു സമൂഹവും അറുപിന്തിരിപ്പനും മാനവികവിരുദ്ധവുമാണ്.
കേരളംപോലെ നവോത്ഥാനത്തിനായുള്ള പോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള ഒരു പ്രദേശത്ത് ഇത്തരമൊരു അപരിഷ്‌കൃതത്വം നടമാടുമെന്നു പറയുമ്പോള്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു പ്രദേശങ്ങളില്‍ ജീവിക്കുന്ന ദലിതരുടെയും പിന്നോക്കക്കാരുടെയും അവസ്ഥയെന്തായിരിക്കും. ഭരണഘടന നിരോധിച്ച ദുരാചാരമാണ് അയിത്തവും ഭ്രഷ്ടും.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷങ്ങളായി. കേരളസംസ്ഥാനത്തിനു ഷഷ്ടിപൂര്‍ത്തിയുമായി. എന്നാല്‍, പിന്തിരിപ്പന്‍ ചിന്താഗതികള്‍ പൂര്‍ണമായും നമ്മളില്‍നിന്നു വേരറ്റുപോയിട്ടില്ലന്നതിന്റെ തെളിവാണു ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനി. സാമൂഹികസമത്വത്തെക്കുറിച്ച് വാതോരാത സംസാരിക്കുകയും നവോത്ഥാനപ്രസ്ഥാനങ്ങളുടെ പിതൃത്വം സ്ഥാനത്തും അസ്ഥാനത്തും ഏറ്റെടുക്കുകയും ചെയ്യുന്ന സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലാണ് അവിടുത്തെ വൈസ്പ്രസിഡന്റും മറ്റു സി.പി.എം നേതാക്കളും ചേര്‍ന്ന് അയിത്തമുള്‍പ്പെടെയുള്ള ക്രൂരമായ ആചാരങ്ങള്‍ അവിടുത്തെ ദലിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും അവര്‍ക്കു സാമൂഹികമായി ഭ്രഷ്ട് കല്‍പ്പിക്കുന്നതും.
അടുത്തിടെ നടന്ന മിശ്രവിവാഹത്തെ തുടര്‍ന്ന് അവിടെ വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന്റെ പേരില്‍ സി.പി.എം പഞ്ചായത്ത് വൈസ് പ്രസിഡന്റും മകനും ഗുണ്ടകളും ചേര്‍ന്നു ചക്കിലിയസമുദായക്കാരായ ചെറുപ്പക്കാരെ ആക്രമിച്ചു. പരാതിപ്പെടാന്‍ കൊല്ലങ്കോട് സി.ഐയെ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയാണു ചെയ്തത്. മര്‍ദിച്ചവര്‍ക്കെതിരേ കേസെടുക്കാനും പൊലിസ് തയ്യാറായില്ല.
ഇതുമായി ബന്ധപ്പെട്ട് പൊലിസ് സ്റ്റേഷനിലെത്തിയ ചക്കിലിയ സമുദായാംഗവും 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന ശിവരാജനെ, അദ്ദേഹത്തിനെതിരേയും കേസെടുക്കുമെന്നു പറഞ്ഞു പൊലിസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചുരുക്കത്തില്‍, സര്‍ക്കാരും പൊലിസും സി.പി.എം നേതാക്കളും ഗുണ്ടകളും ചേര്‍ന്നു ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ദലിതരുടെ മനുഷ്യരായി ജീവിക്കാനുളള അവകാശത്തെ ചോദ്യംചെയ്തിരിക്കുകയാണ്.
ഇതിനെതിരേ കേരളത്തിന്റെ സമൂഹമനഃസാക്ഷി കക്ഷിരാഷ്ട്രീയത്തിനതീതമായി ഉയര്‍ന്നു പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ ഇതുസംഭവിച്ചുകൂടാത്തതാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും ഈ സാമൂഹികതിന്മകള്‍ക്കു ചൂട്ടുപിടിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും വേണം.
അതോടൊപ്പം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേ.്ക്കു നാം വലിച്ചെറിഞ്ഞ അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ അനുവദിക്കില്ലന്ന് ഓരോരുത്തരം ദൃഢപ്രതിജ്ഞയെടുക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."