അന്‍പതോളം കടകളില്‍ കവര്‍ച്ച നടത്തിയ അന്തര്‍ജില്ലാ മോഷ്ടാക്കള്‍ പിടിയില്‍
മുക്കം: നാലു ജില്ലകളിലായി അന്‍പതോളം കടകളില്‍ മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേരെ മുക്കം പൊലിസ് പിടികൂടി. വയനാട് കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും ലോറി ഡ്രൈവറുമായ വാക്കയില്‍ ഷാക്കിബ് ഹുസൈന്‍ (23), കൊടുവള്ളി കളരാന്തിരി സ്വദേശി സക്കരിയ (34) എന്നിവരെയാണു കഴിഞ്ഞദിവസം രാത്രി പട്രോളിങ് നടത്തുന്നതിനിടെ മുക്കം ബസ് സ്റ്റാന്‍ഡിനടുത്ത അത്താണി ഷോപ്പിങ് കോപ്ലക്‌സിനടുത്തുനിന്ന് പിടികൂടിയത്.
പൊലിസ് വാഹനം കണ്ട് ഇരുട്ടത്ത് മറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇവരെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ദേഹപരിശോധന നടത്തുന്നതിനിടെ സക്കരിയയുടെ ഷര്‍ട്ടിന്റെ പുറകില്‍ ഷട്ടറിന്റെ പൂട്ടുപൊളിക്കാന്‍ ഉപയോഗിക്കുന്ന ലിവറും ഷാക്കിബിന്റെ അരയില്‍ രണ്ട് ആക്‌സോ ബ്ലയ്ഡും കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെ ഇവരടങ്ങിയ സംഘം വിവിധ ജില്ലകളില്‍ മോഷണം നടത്തിയതിന്റെ ചുരുളഴിയുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വ്യാപാരസ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് മുക്കം പൊലിസ് പറഞ്ഞു. ഇവരെ പിടികൂടിയതോടെ നിരവധി കേസുകള്‍ക്കാണു തുമ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 25ന് മുക്കത്തിന് സമീപം അഗസ്ത്യമുഴിയിലെ നാലു കടകളില്‍ മോഷണം നടത്തിയത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയ മൊബൈല്‍ ഷോപ്പിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ രൂപം സക്കരിയയുടേതാണെന്നു പൊലിസ് തിരിച്ചറിഞ്ഞു. ഇതുകൂടാതെ കോഴിക്കോട് രാമാനാട്ടുകരയിലെ കാലിക്കറ്റ് മാള്‍, പരപ്പനങ്ങാടി അത്താണിക്കലിലെ റഹ്മത്ത് ട്രേഡേഴ്‌സ്, താമരശ്ശേരി ചുങ്കത്തിനടുത്തുള്ള പലചരക്കുകട, ടൗണിനടുത്തുള്ള ടൂള്‍സ് ഷോപ്പ്, പുതിയ സ്റ്റാന്‍ഡിനു സമീപമുള്ള സി.ഡി ഷോപ്പ്, പുതുപ്പാടി എം.ആര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കൊടുവള്ളിയിലുള്ള വൈറ്റ് മഹല്‍, കുന്ദമംഗലത്തുള്ള ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, തിരുവണ്ണൂരിലുള്ള ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ഫറോക്കിലുള്ള ടൈല്‍സ് ഷോപ്പ്, മീഞ്ചന്ത ബൈപ്പാസ് ജങ്ഷനിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ്, ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, കൊണ്ടോട്ടി മൊറയൂരിലുള്ള ഇലക്‌ട്രോണിക് ഷോപ്പ്, തൃശൂര്‍ തിരുവില്ലാമലയിലെ കോഴിക്കട തുടങ്ങി നാലു ജില്ലകളിലായി അന്‍പതോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. ഇവര്‍ രണ്ടുപേരും മുന്‍പ് എറണാകുളം ജില്ലയിലടക്കം മോഷണം നടത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്.
മുക്കം എസ്.ഐ കെ.പി അഭിലാഷ്, അഡിഷണല്‍ എസ്.ഐ ഹമീദ്, താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഷെഫീഖ്, മുക്കം സ്റ്റേഷനിലെ സലിം മുട്ടത്ത്, വി.എസ് ശ്രീജേഷ്, കാസിം, ശ്രീകാന്ത് കെട്ടാങ്ങല്‍, എ.എസ്.ഐ എം.ടി അഷ്‌റഫ്, അഭിലാഷ് എന്നിവരാണു പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."