പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കര്‍ശന നടപടികളുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും പരിശോധന തുടരുകയാണ്. കഴിഞ്ഞ മാസം 21 ന് ആരംഭിച്ച പരിശോധനാ നടപടികളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത് തലസ്ഥാന ജില്ലയില്‍ നിന്നാണ്.
തിരുവനന്തപുരത്തെ 231 സ്ഥാപനങ്ങളാണ് വേണ്ടത്ര വൃത്തിപോലുമില്ലാതെ നാട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പിയത്. ഇവയില്‍ ഏറ്റവും മോശമായ സ്ഥിതിയുണ്ടായിരുന്ന 11 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 220 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
ആകെ 375 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ 1.68 ലക്ഷം രൂപയാണ് തിരുവനന്തപുരം ജില്ലയില്‍നിന്ന് പിഴയായി ഈടാക്കിയത്. ക്രമക്കേടില്‍ രണ്ടാമതുള്ള എറണാകുളം ജില്ലയിലെ 230 സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടായി. ഇവയില്‍ 12 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും 218 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. മലപ്പുറത്ത് അഞ്ച് സ്ഥാപനങ്ങള്‍ അടപ്പിക്കുകയും 194 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. കൊല്ലത്ത് ഒന്‍പത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും 156 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു.
കോഴിക്കോട് 146 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. മൂന്നു സ്ഥാപനങ്ങള്‍ അടപ്പിച്ചു. പാലക്കാട് 106 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും രണ്ടെണ്ണം അടപ്പിക്കുകയും പത്തനംതിട്ടയില്‍ 84 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ആലപ്പുഴയില്‍ 129 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. എട്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. കോട്ടയത്ത് ആകെ ഒരു സ്ഥാപനമാണ് അടപ്പിച്ചത്. ഇടുക്കിയില്‍ 48, തൃശ്ശൂരില്‍ 34, വയനാട് 52, കണ്ണൂരില്‍ 136, കാസര്‍കോട് 78 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
സംസ്ഥാനത്തൊട്ടാകെ ഇതുവരെ 52 സ്ഥാപനങ്ങളാണ് അടപ്പിച്ചത്. 1722 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 252 സ്ഥാപനങ്ങളില്‍ നിന്നായി 17.99 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."