എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ചോദിക്കുന്നു, ട്രഷറി പൂട്ടിയില്ലേ; ഇനി കിട്ടുമോ പെന്‍ഷന്‍
കാസര്‍കോട്: ഓണാവധിക്കായി ട്രഷറിയുടെ ഇരുമ്പുവാതിലിനു പൂട്ടുവീണപ്പോള്‍ പൊടിഞ്ഞത് കാസര്‍കോട്ടെ എന്‍ഡോസര്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളുടെ കണ്ണുനീരാണ്. ഇനി കിട്ടുമോ ഓണത്തിനു മുന്‍പ് പെന്‍ഷന്‍, ആര്‍ക്കും പ്രതീക്ഷയില്ല. ഓണത്തിനു മുന്‍പ് പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്ന മന്ത്രിയുടെ പ്രസ്താവന പത്രങ്ങളിലൂടെ വായിച്ചിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ നന്ദനയുടെ അമ്മ പാക്കം വെളുത്തേളിയിലെ ചന്ദ്രാവതിയും. നാലു മാസമായി പെന്‍ഷന്‍ മുടങ്ങിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞപ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക ചന്ദ്രവതിയുടെ ബാങ്ക് അക്കൗണ്ടിലും കഴിഞ്ഞ വ്യാഴാഴ്ച എത്തിയിരുന്നു. 1,700 രൂപ. ഇന്നലെ രാത്രി വൈകും വരെ മൊബൈല്‍ ഫോണില്‍ മെസേജും പ്രതീക്ഷിച്ചിരിക്കുകയാണ് അവര്‍.
വൈകിട്ട് ട്രഷറി പൂട്ടി. ഇനി തുറക്കുക നീണ്ട ഓണം അവധി കഴിഞ്ഞ് 16ന്. ഇന്നും ചന്ദ്രവതിയുടെ മൊബൈല്‍ ഫോണിലേക്ക് അക്കൗണ്ടില്‍ പണമിട്ടുവെന്നുള്ള സന്ദേശം വന്നില്ലെങ്കില്‍ പിന്നെ കണ്ണീരോണമായിരിക്കും. രണ്ടു ദിവസം മുന്‍പ് കിട്ടിയ 1,700 രൂപ കൈയിലുണ്ടായിരുന്നു. അതില്‍ കുറച്ച് തീര്‍ന്നു. ബാക്കികൊണ്ടു വേണം നാലംഗ കുടുംബത്തിന് ഓണമുണ്ണാന്‍. നാലു മാസം കാത്തിരുന്നു കിട്ടിയ പണമാണ്. ഇതു മുഴുവന്‍ ഓണത്തിന് 'പൊടിച്ചാല്‍' പിന്നെയും ജീവിതം ദുരിതപൂര്‍ണമാകും. ഇനി പണം അപ്പോള്‍ കിട്ടുമെന്നറിയില്ല. എല്ലാ എന്‍ഡോസള്‍ഫാന്‍ ബാധിതകള്‍ക്കും 1,000 രൂപ വീതം ഓണം അലവന്‍സ് നല്‍കുമെന്നും സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. അതും ഇതുവരെ കൈയില്‍ കിട്ടിയില്ല. ഇന്നും നാളെയുമായി ഈ അലവന്‍സും കുടിശ്ശികയുള്ള പെന്‍ഷനും എങ്ങനേലും തങ്ങളുടെ പക്കല്‍ എത്തുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് ചന്ദ്രാവതിയും ഓരോ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുടുംബവും.
സാമൂഹ്യസുരക്ഷാ മിഷനിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം നല്‍കിയിരുന്ന പെന്‍ഷനാണ് നാലു മാസമായി മുടങ്ങിയിരിക്കുന്നത്. എല്ലാ മാസവും 10-ാം തിയതിക്കുള്ളില്‍ കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷനായിരുന്നു ഇത്. 2200 രൂപയാണ് പെന്‍ഷന്‍. ഇവര്‍ക്ക് വികലാംഗ പെന്‍ഷന്‍ ഉണ്ടെങ്കില്‍ ഇത് 1,700 ആകും. പെന്‍ഷന്‍ മുടങ്ങാനുള്ള കാരണം തേടിയപ്പോഴൊന്നും കൃത്യമായ ഉത്തരം ലഭിച്ചില്ലെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബാംഗവും സമരസമിതി നേതാവുമായ മുനീസ അമ്പലത്തറ പറയുന്നു. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ജീവനക്കാരെ മുഴുവനായി മാറ്റിയിരുന്നു. എന്‍ഡോസള്‍ഫാന്‍ സെല്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറും മറ്റു സെല്‍ ജീവനക്കാരും മാറിവന്നതിനാലാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് ആദ്യം പറഞ്ഞു. എന്നാല്‍ പിന്നെയും വൈകിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ഓണാഘോഷ തിരക്കിലെന്നായിരുന്നു മറുപടി. ഇപ്പോള്‍ പറയുന്നു ട്രഷറിയിലെ കാലതാമസമാണെന്ന്. ട്രഷറിലെ സാങ്കേതിക തകരാര്‍ മാറിയാല്‍ ഇന്നെങ്കിലും പണം വരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മുനീസയെ പോലെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുള്ളത്. ട്രഷറിയില്‍ നിന്നുള്ള കാലതാമസം കാരണമാണ് പെന്‍ഷന്‍ വൈകിയതെന്നും പെന്‍ഷന്‍ ഓണത്തിന് മുന്‍പ് തന്നെ നല്‍കുമെന്നുമാണ് സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്റെ വിശദീകരണം. എന്നാല്‍ സാങ്കേതിക തകരാറെങ്കില്‍ എങ്ങനെയാണ് രണ്ടുദിവസം കൊണ്ട് ഒരു മാസത്തെ പെന്‍ഷന്‍ നല്‍കിയതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവായ അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ ചോദ്യത്തിനും അധികൃതര്‍ക്ക് മറുപടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."