പട്ടയമേള നവംബറില്‍; ജില്ലയില്‍ 2000 പട്ടയങ്ങള്‍ വിതരണം ചെയ്യും
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് ജില്ലയിലെ യാത്രാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി നവംബര്‍ രണ്ടാംവാരം മേഖലായോഗം ചേരും
കാസര്‍കോട്: ജില്ലയില്‍ നവംബറില്‍ നടത്തുവാനുദ്ദേശിക്കുന്ന പട്ടയമേളയില്‍ രണ്ടായിരത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. 1964ലെ കേരളാ ഭൂമി പതിവ് ചട്ടപ്രകാരമുള്ള 917 പട്ടയങ്ങള്‍, 432 എല്‍.ടി പട്ടയങ്ങള്‍, 131 ദേവസ്വം പട്ടയങ്ങള്‍, 100 മിച്ചഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ ആകെ 1610 പട്ടയങ്ങള്‍ നിലവില്‍ വിതരണത്തിനായി തയാറാക്കിയിട്ടുണ്ട്. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.ഡി.ഒ, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ക്ക് വികസനസമിതി അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ ഡോ.ഡി. സജിത്ത്ബാബു നിര്‍ദേശം നല്‍കി.
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് ജില്ലയിലെ യാത്രാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി നവംബര്‍ രണ്ടാംവാരം മേഖലായോഗം ചേരുവാന്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ ചുമതലപ്പെടുത്തി. ജില്ലയിലെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകളും ഫ്‌ളക്‌സുകളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തുതുടങ്ങി. ഈ മാസം 30നകം എല്ലാ അനധികൃതബോര്‍ഡുകളും നീക്കം ചെയ്യാന്‍ വികസനസമിതി നിര്‍ദേശിച്ചു.
മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള പുളിക്കാല്‍ വി.സി.ബി കം ബ്രിഡ്ജിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് പുതിയപാലം നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍) അധികൃതര്‍ക്ക് എന്‍.ഒ.സി ലഭ്യമാക്കുന്നതിനാവശ്യമായ റിപോര്‍ട്ട് അഞ്ചുദിവസത്തിനകം പ്ലാനിങ് ഓഫിസില്‍ നല്‍കണം. ചട്ടഞ്ചാല്‍ ദേശീയപാത 66ന്റെ അരികില്‍ കൈയേറി നിര്‍മിച്ച താല്‍ക്കാലിക ഷെഡ്ഡ് പൊളിച്ചു നീക്കാനും വികസന സമിതി നിര്‍ദേശിച്ചു.
കാലവര്‍ഷത്തില്‍ തകര്‍ന്ന മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബാവിക്കര ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതുവരെ പകരം സംവിധാനം ഏര്‍പ്പെടുത്തുവാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദേശിച്ചു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 33 ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും എല്‍.എസ്.ജി.ഡി എക്‌സി. എന്‍ജിനീയര്‍ സമര്‍പ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ ജില്ലാ വികസന സമിതി യോഗം അനുശോചിച്ചു. ജില്ലയില്‍നിന്ന് സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹരായ കര്‍ഷകര്‍ക്കും കൃഷി ഓഫിസര്‍മാര്‍ക്കും കാഷ് അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, കാസര്‍കോട് ആര്‍.ഡി.ഒ അബ്ദു സമദ്, ഡെപ്യൂട്ടി കലക്ടര്‍ രാമചന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."