നഗരഹൃദയം ചീഞ്ഞുനാറുമ്പോഴും നടപടിയെടുക്കാതെ കോര്പറേഷന്
കണ്ണൂര്‍: മാലിന്യം തള്ളരുതെന്ന് കാണിച്ച് കോര്പറേഷന് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് 'മാലിന്യത്താല്‍ മൂടപ്പെട്ടിട്ടും' നടപടിയെടുക്കാതെ അധികൃതര്‍. കണ്ണൂര്‍ കലക്ടറേറ്റിന് വിളിപ്പാടകലെ കെ.വി.ആര് ടവറിന് പിറകിലും മദര്‍ ചൈല്‍ഡ് ആശുപത്രിക്ക് സമീപവുമാണ് കോര്പറേഷന് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിനു താഴെ മാലിന്യങ്ങള്‍ പരന്നുകിടക്കുന്നത്. ഇതുകാരണം കണ്ണൂര്‍ നഗരഹൃദയം ചീഞ്ഞുനാറുകയാണ്.
ചീഞ്ഞുനാറിയ മാലിന്യങ്ങളാണ് ഇവിടെ കൂട്ടിയിട്ടതിലധികവും. അതിനാല്‍ തന്നെ ഇതുവഴി സഞ്ചരിക്കണമെങ്കില്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്.
കൂടാതെ കെ.വി.ആര് ടവറിന് പിറകിലെ മാലിന്യക്കൂമ്പാരത്തില്‍ കന്നുകാലികള്‍ വിഹരിക്കുന്ന സ്ഥിതിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ അടിഞ്ഞുകൂടി ഈ ഭാഗത്ത് രോഗഭീതിയുമുണ്ട്. കലക്ടറേറ്റിന്റെ മൂക്കിന് താഴെയാണ് ജില്ലാഭരണകൂടത്തിനും കോര്‍പറേഷനും ഒരുപോലെ നാണക്കേടുണ്ടാക്കുന്ന മാലിന്യക്കൂമ്പാരം. അതേസമയം ഈഭാഗത്തെ മാലിന്യം നീക്കാനോ മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ യാതൊരു നടപടിയും കോര്പറേഷന് അധികൃതര്‍ ഇതുവരെ എടുത്തിട്ടില്ല. കോര്പറേഷന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും മാലിന്യം തള്ളുമ്പോള്‍ അവരെ കണ്ടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സമീപത്തെ വ്യാപാരികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."