അധ്യാപകന്റെ കൈവെട്ടിയ കേസില്‍ നാലാംപ്രതി കീഴടങ്ങി
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടി മാറ്റിയ കേസിലെ പ്രതി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രത്യേക കോടതി മുന്‍പാകെ കീഴടങ്ങി.
മൂവാറ്റുപുഴ രണ്ടാര്‍കര സജില്‍ (28) ആണ് കീഴടങ്ങിയത്. കോടതി സജിലിനെ ഈമാസം 28വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സബ് ജയിലിലേക്ക് കൊണ്ടുപോയ പ്രതിയെ എന്‍.ഐ.എ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും സജിലിനു പങ്കുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു.
കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലിസും പിന്നീട് കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണസംഘവും എന്‍.ഐ.എയും അന്വേഷിച്ചിട്ടും സജിലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ എന്‍.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഇനി വിചാരണ നേരിടാനുള്ള 28 -ാം പ്രതി എം.കെ.നാസര്‍, 31-ാം പ്രതി നജീബ്,33-ാം പ്രതി അസീസ് എന്നിവര്‍ക്കൊപ്പം സജിലിനെയും കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി വിചാരണ നടത്തും.
കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദ് ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഒരാളൊഴികെ കേസിലെ മറ്റു പ്രതികളെല്ലാം പിടിയിലായതോടെ കേസിന്റെ രണ്ടാംഘട്ട വിചാരണ ഉടന്‍ ആരംഭിച്ചേക്കും. എന്നാല്‍ കേസിലെ മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തത് അന്വേഷണസംഘത്തെ വലയ്ക്കുന്നുണ്ട്. ഒന്നാംഘട്ട വിചാരണ നേരിട്ട 31 പ്രതികളില്‍ 18 പേരെ കോടതി വെറുതെ വിട്ടിരുന്നു. അധ്യാപകനെ വാഹനത്തില്‍നിന്നു പിടിച്ചിറക്കിയതും കത്തി വീശി സമീപത്തുകൂടിയവരെ ഭയപ്പെടുത്തി ഓടിച്ചതും സജിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."