ഒരു സമിതിയും തങ്ങളുടെ വാദം കേട്ടില്ല, ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരേ ഉടമകള്‍ വീണ്ടും സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: കൊച്ചി മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവിനെതിരേ ഫ്ളാറ്റ് ഉടമകള്‍ വീണ്ടും സുപ്രിം കോടതിയില്‍. നാല് ഫ്ളാറ്റ് ഉടമകളാണ് കോടതിയില്‍ റിട്ട് ഹര്‍ജിനല്‍കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്നാണ് ഉടമകള്‍ ഹരജിയില്‍ വാദിക്കുന്നത്. കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, വിദഗ്ധ സമിതിയോ അവര്‍ നിയോഗിച്ച സാങ്കേതിക സമിതിയോ ഫ്ളാറ്റ് ഉടമകളുടെ ഭാഗം കേട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.
തദ്ദേശ സ്വയംഭരണ സെക്രട്ടറി, നഗരഭരണ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരടങ്ങളിയ സമിതിയ്ക്കായിരുന്നു സുപ്രിംകോടതി രൂപം നല്‍കിയത്. ഈ സമിതി റിപ്പോര്‍ട്ട് തള്ളണമെന്നുമാണ് ഫ്ളാറ്റ് ഉടമകള്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്. മൂന്നംഗ സമിതി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നെന്നും ഇത് സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ മാനിക്കാതെയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്ളാറ്റ് ഉടമകള്‍ നേരത്തെ നല്കിയ റിട്ട് ഹരജി ജൂലൈയില്‍ ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ച് തള്ളിയിരുന്നു.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ ഈ മാസം 20ന് മുന്‍പ് പൊളിക്കണമെന്നാണ്് സുപ്രിംകോടതിയുടെ അന്ത്യശാസനം. 23ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, എം.ആര് ഷാ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."