ജലനിധി പദ്ധതി: ഗുണഭോക്തൃവിഹിതം വര്‍ധിപ്പിച്ചതിനെതിരേ പ്രതിഷേധം
മാള: ജലനിധി പദ്ധതിയില്‍ പുതിയ കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിന് ഗുണഭോക്തൃ വിഹിതം 5000 രുപയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു.
പഞ്ചായത്ത് ജലനിധി പദ്ധതിയില്‍ പുതിയ കണക്ഷന്‍ നല്‍കുന്നതില്‍ അയ്യായിരം രൂപ ഫീസ് ഈടാക്കി പഞ്ചായത്തും എസ്.എല്‍.ഇ.സിയും ഗുണഭോക്താക്കളെ കൊള്ളയടിക്കുന്നതായി ആക്ഷേപം. ജലനിധി കുടിവെള്ള പദ്ധതിയില്‍ എസ്.സി.എസ്.ടി, മത്സ്യതൊഴിലാളി, ലക്ഷം വീട് കോളനിവാസികള്‍ എന്നിവര്‍ക്ക് ആയിരം രൂപയും, പൊതു വിഭാഗത്തിന് രണ്ടായിരം രൂപയും ഗുണ ഭോക്തൃവിഹിതം സ്വീകരിച്ച് കണക്ഷന്‍ നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ ഒറ്റയടിക്കാണ് 5000 രൂപയാക്കി ഉയര്‍ത്തിയത്.
പഞ്ചായത്ത് സ്‌കീം ലെവല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്. വാട്ടര്‍ അതോറിറ്റി കുടിവെള്ള കണക്ഷന് ഗുണമേന്മയുള്ള പൈപ്പുകളും മീറ്ററും സ്ഥാപിച്ച് നല്‍കിയിരുന്ന സ്ഥാനത്ത് ഗുണമേന്മ കുറഞ്ഞ പൈപ്പുകളും ഫിറ്റിങുകളും സ്ഥാപിക്കാന്‍ വന്‍തുക ഈടാക്കിയാണ് ജലനിധി പദ്ധതി നടപ്പാക്കുന്നത്.
അന്യായമായി വര്‍ധിപ്പിച്ച ഫീസ് കുറക്കണമെന്ന് കുടിവെള്ളത്തിനായി കാത്തിരിക്കുന്ന അപേക്ഷര്‍ ആവശ്യപ്പെട്ടു. ജനസേവനത്തിന്റെ പേരില്‍ പകല്‍കൊള്ളയും അഴിമതിയും നടത്താന്‍ സ്‌കീം ലെവല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ചിലര്‍ ശ്രമിക്കുന്നതായും അനധികൃത നിയമനങ്ങളും നടത്തുന്നതായുള്ള ആരോപണവും ശക്തമാണ്. ഇതിനെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."