വിയോജിക്കാനുള്ള അവകാശം അംഗീകരിക്കപ്പെടണം
അഭിപ്രായം പറയുവാനും വിയോജിക്കാനുമുള്ള അവകാശം ഭരണഘടനാദത്തമാണ്. വിയോജിക്കുക എതിരഭിപ്രായം പ്രകടിപ്പിക്കുക എന്നത് രണ്ടും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളാണ്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുമ്പോള്‍ മാത്രമേ ആശയങ്ങളില്‍ വ്യക്തത ഉണ്ടാകൂ. ആശയങ്ങളിലെ വ്യക്തതയിലാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പ്.
സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത കഴിഞ്ഞ ദിവസം അലഹബാദില്‍ നടന്ന ഒരു ശില്‍പശാലയില്‍ പങ്കെടുത്ത് നടത്തിയ പ്രഭാഷണം ഇത്തരമൊരാശയത്തില്‍ ഊന്നിയുള്ളതായിരുന്നു. ഭരണകൂടങ്ങള്‍, സൈന്യം, ജുഡീഷ്യറി തുടങ്ങിയവയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത് രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കുന്നത് ജനാധിപത്യത്തിന്റെ ജീര്‍ണതക്കായിരിക്കും കാരണമാകുക. ആധുനിക ജനാധിപത്യത്തിന്റെ യഥാര്‍ഥ കരുത്ത് വിയോജിക്കാനുള്ള അവകാശത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത് രാജ്യദ്രോഹ കുറ്റമായിവരുന്നത് പൗരാവകാശത്തിന്മേലുള്ള കടന്നാക്രമണമാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ രാജ്യസുരക്ഷയുടെപേരില്‍ തടസ്സപ്പെടുത്തുന്നത് അഭിലഷണീയമല്ല. ഏതൊരു അഭിപ്രായങ്ങള്‍ക്കെതിരേയും വിയോജിക്കാനുള്ള അവകാശം ഉണ്ട്. അത് പ്രകടിപ്പിക്കുന്നവരെ ചന്ദ്രനിലേക്കയക്കണമെന്ന വാദം ഉണ്ടാകുന്നത് അസഹിഷ്ണുതയുടെ അടയാളമാണ്. രാജ്യ സുരക്ഷാനിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ പൗരന്റെ മൗലികാവകാശമാണ് ഇല്ലായ്മ ചെയ്യുന്നത്. സ്വതന്ത്ര്യത്തിന്റെയും രാജ്യത്തിന്റെയും നിലനില്‍പ്പിനെ അപകടപ്പെടുത്തുന്നതാണ് ഇത്തരം പ്രകോപനങ്ങള്‍. ഭൂരിപക്ഷ വാദത്തിന്റെപേരില്‍ അസഹിഷ്ണുതയെ അംഗീകരിക്കാനാവില്ല. ഇന്ത്യ എന്ന ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും അവരുടേതായ അവകാശങ്ങള്‍ ഉണ്ടെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാണിക്കുമ്പോള്‍ എല്ലാറ്റിനെയും നിശ്ശബ്ദമാക്കിക്കൊണ്ടിരിക്കുന്ന ഇരുണ്ടകാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പും കൂടിയായിത്തീരുന്നു ആ വാക്കുകള്‍.
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്ന് പറഞ്ഞത് വിധിപ്രസ്താവങ്ങളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ്. മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പ്രസ്തുത പ്രസ്താവം നടത്തിയത്. അദ്ദേഹത്തിന്റെ ഈ വിധി പ്രസ്താവം കഴിഞ്ഞ വര്‍ഷം നിയമവൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
അച്ഛന്‍ വൈ.വി ചന്ദ്രചൂഡന്റെ വിധിപ്രസ്താവങ്ങള്‍ പലതും തിരുത്തിയ ചരിത്രമുണ്ട് മകന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡന്. അടിയന്തരാവസ്ഥക്കാലത്ത് പൗരന്റെ അടിസ്ഥാനാവകാശങ്ങളെയെല്ലാം റദ്ദാക്കിയ സാഹചര്യത്തില്‍ സ്വകാര്യത അടിസ്ഥാനാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡന്റെ ബെഞ്ച് നല്‍കിയ വിധിയെ ഖണ്ഡിച്ച് പൗരന്റെ നിലനില്‍പ്പിന് ആപേക്ഷികമായ അവകാശങ്ങളാണ് ജീവിക്കാനുള്ളതും വ്യക്തിസ്വാതന്ത്ര്യവുമെന്നും ആ അവകാശം തടയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണെന്നും കഴിഞ്ഞ വര്‍ഷം ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് വിധി നല്‍കിയിരുന്നു. ഇന്ത്യയുടെ അടിസ്ഥാനഭാവം ബഹുസ്വരതയിലൂന്നിയ മൂല്യങ്ങളാണ്. സഹിഷ്ണുതയും എല്ലാറ്റിനെയും സ്വാംശീകരിക്കാനുമുള്ള അതിന്റെ സവിശേഷമായ കഴിവും ഇന്ത്യ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത സാംസ്‌കാരിക ഉണ്മയാണ്. ഇതിനോടനുബന്ധപ്പെട്ട് നില്‍ക്കുന്നതാണ് പൗരന് വിയോജിക്കാനും സ്വതന്ത്രാഭിപ്രായം പറയാനുമുള്ള അവകാശവും.
മറുവാക്ക് പറയാനുള്ള പൗരന്റെ ആര്‍ജവമാണ് രാജ്യത്തെ നിലനിര്‍ത്തുന്നതിനുള്ള ഊര്‍ജമായിതീരുന്നത്. ഇതെല്ലാം ചേര്‍ന്നുണ്ടായ അടിത്തറയിലാണ് രാജ്യം ഇന്നും അഭംഗുരം സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കുന്നത്. എതിരഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകുമ്പോള്‍ പൊട്ടിത്തെറിയുണ്ടാകാമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി നിരീക്ഷിച്ചതും ഈയൊരു കാഴ്ചപ്പാടിന്റെ ബലത്തിലാണ്.
തന്റെ ശരികള്‍ മറ്റൊരാളുടെ ദൃഷ്ടിയില്‍ വിമര്‍ശന വിധേയമായിത്തീരുകയാണെങ്കില്‍ അതിനെ സഹിഷ്ണുതയോടെ കാണുക എന്നതാണ് ജനാധിപത്യ ധര്‍മം. അപ്പോള്‍ മാത്രമേ ആരോഗ്യകരമായ സംവാദം ഉണ്ടാകൂ. ജനാധിപത്യത്തെയും ബഹുസ്വരതയെയും നിലനിര്‍ത്താന്‍വേണ്ടിയാണ് ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ആശയത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്നതും.
എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ അസഹിഷ്ണുതയോടെ അടിച്ചമര്‍ത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ അന്ത്യത്തിനായിരിക്കും ഈ നീക്കങ്ങള്‍ വഴിവെക്കുക. ഭരിക്കുന്നവരുടെ ഹിതം നോക്കി അഭിപ്രായം പറയുമ്പോള്‍ രാജ്യമാണ് അപകടത്തില്‍പെടുന്നത്. കാര്യങ്ങളെ തിരിച്ചറിയാനും സത്യാ അസത്യങ്ങളെ വേര്‍തിരിക്കാനും ഭരണകര്‍ത്താക്കള്‍ക്ക് കഴിയുന്നതും വിയോജിപ്പിന്റെ ശബ്ദത്തില്‍നിന്നാണ്.ശത്രുതകൊണ്ടല്ല വിയോജിപ്പുകള്‍ ഉണ്ടാകുന്നതെന്നും രാജ്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് വേണ്ടിയാണതെന്നും ഭരണകര്‍ത്താക്കള്‍ തിരിച്ചറിയുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."