നിക്ഷേപം ആകര്‍ഷിക്കാന്‍ ഒക്ടോബര്‍ നാലിന് ദുബൈയില്‍ സമ്മേളനം: മുഖ്യമന്ത്രി
തിരുവനന്തപുരം: നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഒക്ടോബര്‍ നാലിന് ദുബൈയിയില്‍ ചെറുകിട-ഇടത്തരം വ്യവസായികളുടെ സമ്മേളനം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ കേരള പുനര്‍നിര്‍മാണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്ഥിരം ഷെല്‍ട്ടറുകള്‍ നിര്‍മിക്കും. ക്യാംപുകളില്‍നിന്ന് മടങ്ങുന്നവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതുവരെ താമസിക്കുന്നതിന് സംവിധാനം ഒരുക്കും. ഇത്തരം സംവിധാനത്തിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത യു.എന്‍.ഡി.പി ഷെല്‍ട്ടര്‍ കോ-ഓര്‍ഡിനേറ്റര്‍ വി.ഇന്ദു വിശദീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടക്കുകയാണ്. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളും പഠനത്തില്‍ പരിഗണിക്കും. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നദികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കും. വലിയ വീടുകള്‍ നിര്‍മിക്കുന്നവരുടെ നികുതി വര്‍ധിപ്പിക്കണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ പങ്കെടുത്ത പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം ജി.വിജയരാഘവനും ഡോ.കെ.പി കണ്ണനും മുന്നോട്ടുവച്ചു. ഈ വിഷയം ആലോചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
മലയോര മേഖലയിലെ സൂക്ഷ്മ നീര്‍ച്ചാലുകള്‍ അടയുന്നത് മണ്ണിടിച്ചിലിന് കാരണമാകുന്നതായി ചര്‍ച്ചയില്‍ സംസാരിച്ച ഹരിത കേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി പറഞ്ഞു. നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുക പ്രധാനമാണെന്നും മലയോരമേഖലയിലെ സൂക്ഷ്മ നീര്‍ച്ചാലുകളുടെ പുനഃസ്ഥാപനത്തിന് പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയോര മേഖലയില്‍ കൃഷി ഒഴിവാക്കേണ്ടതില്ല. അതേസമയം അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അവിടെ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറേണ്ടിവരും.ദുരന്തങ്ങള്‍ മാനസികമായി ജനങ്ങളില്‍ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും സാമൂഹ്യപ്രവര്‍ത്തകയായ ഡോ. ഷിനു ശ്യാമളന്‍ ചര്‍ച്ചയില്‍ വിശദീകരിച്ചു.
ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പുനര്‍നിര്‍മാണത്തിന് കുറുക്കുവഴികളില്ലെന്നും കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം ചര്‍ച്ചയില്‍ സൂചിപ്പിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ നവകേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."