ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി തരൂര്‍ തുടരും: മുല്ലപ്പള്ളി
തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ശശി തരൂര്‍ എം.പി രാജിസന്നദ്ധത അറിയിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
സമയക്കുറവുള്ളതിനാലാണ് തരൂര്‍ ഇക്കാര്യം അറിയിച്ചതെന്നും തല്‍ക്കാലം ചെയര്‍മാനായി അദ്ദേഹം തന്നെ തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കോര്‍കമ്മിറ്റി അംഗങ്ങളുടെയും കോഡിനേറ്റര്‍മാരുടെയും യോഗത്തില്‍ തരൂര്‍ രാജി തീരുമാനം പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
രാജി തീരുമാനം വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റിന് കത്ത് അയക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചിരുന്നു. എന്നാല്‍ തരൂര്‍ രാജിവയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മീഡിയസെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മുല്ലപ്പള്ളി തരൂര്‍ തുടരുമെന്ന് സ്ഥിരീകരിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ് ആയതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ആശയപ്രചാരണത്തിനായി ഡിജിറ്റല്‍ മീഡിയ സെല്‍ രൂപീകരിച്ചതും തരൂരിനെ ചെയര്‍മാനാക്കിയതും.
കണ്‍വീനറായി എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ആണ് നിയമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അനില്‍ ആന്റണി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന് തരൂര്‍ ആരോപിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാതലത്തിലായിരുന്നു തരൂരിന്റെ രാജി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."