ഖര്‍ദാവിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ സഊദി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു
റിയാദ്: പ്രശസ്ത പണ്ഡിതനെന്നറിയപ്പെടുന്ന ഡോ: യൂസുഫുല്‍ ഖര്‍ദാവിയുമായി ബന്ധപ്പെട്ട മുഴുവന്‍ പുസ്തകങ്ങളും കണ്ടുകെട്ടാന്‍ സഊദി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. രണ്ടു ദിവസം മുന്‍പ് പുറത്തുവിട്ട തീവ്രവാദ സഹായികളുടെ ലിസ്റ്റില്‍ ഖര്‍ദാവിയും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് സഊദി വിദ്യാഭ്യാസ മന്ത്രി ഡോ: അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഈസ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ലൈബ്രറികളോടും ഇതാവശ്യപ്പെട്ടത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പുസ്തകവും, എഴുത്തുകളും ഉണ്ടാവരുതെന്നു കോളജുകള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയവയോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇതിനകം തന്നെ പുസ്തകങ്ങളും ലേഖനങ്ങളും പിന്‍വലിച്ചെങ്കിലും സ്ഥാപന മേലധികാരികള്‍ വീണ്ടും പരിശോധിച്ച് ഇതുറപ്പ് വരുത്തണമെന്നും ഭാവിയില്‍ അദ്ദേഹത്തിന്റെ ഒരു ലേഖനവും പുസ്തകവും പ്രസിദ്ധീകരിക്കരുതെന്നും മന്ത്രി ഉത്തരവില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ വളരെ അപകടം നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഊദി വിദ്യഭ്യാസ മന്ത്രാലയം നേരത്തെ തന്നെ തീവ്രചിന്തകള്‍ ഉയര്‍ത്തുന്ന ചിലരുടെ പുസ്തകങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം വിവാദ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കയറിയിറങ്ങി പരിശോധന നടത്താന്‍ വിദ്യഭ്യാസ വകുപ്പ് പുതിയ കമ്മിറ്റിക്കു രൂപം നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."