വിജാഗിരി സ്വര്‍ണമാണെന്നു പറഞ്ഞു യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞു
മംഗളൂരു: വാതിലുകളും ജനലുകളും ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണനിറമുള്ള പിച്ചളയുടെ വിജാഗിരി കള്ളക്കടത്ത് സ്വര്‍ണമെന്ന് പറഞ്ഞ് മലയാളി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു വച്ചു.
അബദ്ധം പിണഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒടുവില്‍ യാത്രക്കാരനെ ഡ്യൂട്ടി അടപ്പിച്ച് വിട്ടു. മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാസര്‍കോട് പൊയ്‌നാച്ചി സ്വദേശിയായ മോഹനാണ് വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളം ഉദ്യോഗസ്ഥരുടെ തടങ്കലില്‍ കഴിയേണ്ടി വന്നത്. ദുബൈയില്‍ ബിസിനസ് നടത്തുന്ന മോഹനന്‍ സ്വന്തം വീട് നിര്‍മാണത്തിനായി കൊണ്ടുവന്ന 46 വിജാഗിരിയാണ് കള്ളക്കടത്ത് സ്വര്‍ണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചത്. പരിശോധനകള്‍ക്ക്‌ശേഷം ഇത് സ്വര്‍ണമല്ലെന്ന് മനസിലാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരു തുക നല്‍കണമെന്ന് ഇയാളോട് ആവശ്യപ്പെട്ടു. ഡ്യൂട്ടി അടക്കാന്‍ താന്‍ തയാറാണെന്നും അതിന് ബില്ല് നല്‍കണമെന്നും മോഹനന്‍ പറഞ്ഞതോടെ തങ്ങള്‍ പറയുന്ന തുക നല്‍കണമെന്നും അതിന് ബില്ല് ലഭിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഇയാളോട് പറഞ്ഞു.
ഇതോടെ അധിക്ഷേപിക്കുന്ന തരത്തിലായി ഉദ്യോഗസ്ഥരുടെ സംസാരം. നിങ്ങള്‍ മലയാളികളല്ലേ...നിങ്ങള്‍ മുഴുവന്‍ സ്വര്‍ണക്കടത്തുകാരാ എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ പരിഹാസമെന്ന് മോഹനന്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്ന കുറ്റത്തിന് ഒരു സംസ്ഥാനത്തെയൊട്ടാകെ അതും മലയാളിയായ താങ്കള്‍ പരിഹസിക്കുന്നതിനെന്തിനെന്ന് ചോദിച്ചപ്പോള്‍ അധികം സംസാരിച്ചാല്‍ തനിക്കെതിരേ ഇവിടെ അതിക്രമം കാട്ടിയതിന് കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ഭീഷണിപ്പെടുത്തി.
ഇതിനിടയില്‍ മോഹനന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്യിച്ചു. പുറത്തു കാത്തുനിന്ന ബന്ധുക്കളെ ബന്ധപ്പെടാന്‍ പോലും അനുവദിച്ചില്ല. പുറത്ത് കാത്തിരുന്നവര്‍ മോഹനനെ കാണാതായതോടെ പരിഭ്രമിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആറിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 384 വിമാനത്തിലാണ് മോഹന്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയത്. ഒന്നര മണിക്കൂറിന് ശേഷം അടുത്ത വിമാനം എത്തിയപ്പോള്‍ മോഹനനെ തടഞ്ഞുവച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പുറത്തുപോയി. ഈ സമയത്ത് അസി. കസ്റ്റംസ് കമ്മിഷണറെ കണ്ട മോഹനന്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇനിയും തന്നെ ഇവിടെ തടഞ്ഞുവച്ചാല്‍ താന്‍ പുറത്തുപോകില്ലെന്നും ഇവിടെ കുത്തിയിരുന്ന് സമരം ചെയ്യുമെന്നും പറഞ്ഞതോടെ ഉദ്യോഗസ്ഥരെ വിളിച്ച് കാര്യം തിരക്കിയ കമ്മിഷണര്‍ ഡ്യൂട്ടി അടപ്പിച്ച് വിടാന്‍ പറഞ്ഞു.
എന്നാല്‍ ഡ്യൂട്ടി അടക്കാന്‍ ആദ്യം തന്നെ താന്‍ തയാറായിരുന്നുവെന്നും പിന്നെന്തിനാണ് തന്നെ മൂന്ന് മണിക്കൂര്‍ നേരം തടഞ്ഞുവെച്ചതെന്നുമുള്ള മോഹനന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു.
ഒരു വിജാഗിരിക്ക് ഏഴ് ദിര്‍ഹം വച്ച് 46 എണ്ണത്തിന് 322 ദിര്‍ഹം നല്‍കിയാണ് ദുബൈയില്‍നിന്നു വാങ്ങിയത്.
ഇതിന് 36.5 ശതമാനം ഡ്യൂട്ടിയായി 2,174 രൂപ അടച്ച ശേഷമാണ് മോഹന് വിമാനത്താവളത്തിന് പുറത്തെത്താന്‍ കഴിഞ്ഞത്. അപ്പോഴേക്കും പുറത്തു കാത്തുനിന്നവര്‍ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ടാക്‌സി വിളിച്ചാണ് നാട്ടിലേക്ക് ഈ യുവാവ് യാത്രയായത്.
ആറ് ഉദ്യോഗസ്ഥരാണ് തന്നെ തടഞ്ഞുവച്ചത്. അതില്‍ മലയാളിയായ ഉദ്യോഗസ്ഥനാണ് തന്നെ അധിക്ഷേപിച്ച് സംസാരിച്ചതും ഭീഷണിപ്പെടുത്തിയതും. കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ ഉദ്യോഗസ്ഥര്‍ അത്ര പ്രശ്‌നം ഉണ്ടാക്കിയില്ലെന്നും അവസാനം സംഭവം പരാതിപ്പെടരുതെന്നും അവര്‍ പറഞ്ഞതായി മോഹനന്‍ പറഞ്ഞു. തനിക്കുണ്ടായ ദുരവസ്ഥ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മോഹനന്‍.
ഇതിന് മുമ്പും മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."