2021ല്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കും
രാജ്യത്തെ തന്നെ
ആദ്യ സംരംഭം
തിരുവനന്തപുരം: വനിതകള്‍ക്കു മാത്രമായി ആഗോള വ്യാപാര കേന്ദ്രം സജ്ജമാക്കാനൊരുങ്ങി സംസ്ഥാനം. രാജ്യത്തെ തന്നെ ആദ്യ സംരംഭമായ വനിതകളുടെ ആഗോള വ്യാപാര കേന്ദ്രം (ഇന്റര്‍നാഷനല്‍ വിമെന്‍സ് ട്രേഡ് സെന്റര്‍ - ഐ.ഡബ്ല്യു.ടി.സി) 2021 ഓടെ കോഴിക്കോട് ജെന്റര്‍ പാര്‍ക്ക് ക്യാംപസില്‍ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കും.
വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ലിംഗസമത്വം സുസ്ഥിരമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഐക്യ രാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഐ.ഡബ്ല്യു.ടി.സി സാക്ഷാത്കരിക്കുന്നത്. വനിതകള്‍ക്ക് സുരക്ഷിതമായി സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും ബിസിനസുകള്‍ ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണിയൊരുക്കുന്നതിനും ഐ.ഡബ്ല്യു.ടി.സി വേദിയൊരുക്കും. ഓഫിസിനായി സ്വകാര്യമായി ഉപയോഗിക്കാവുന്നതും പങ്കുവയ്ക്കാവുന്നതുമായ സ്ഥല സൗകര്യങ്ങളും വിര്‍ച്വല്‍ വര്‍ക്ക് സ്പെയ്സും ലഭ്യമാക്കും. ലോകോത്തര ആശയവിനിമയ സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ഐ.ഡബ്ല്യു.ടി.സിയില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശക കേന്ദ്രങ്ങളും പൊതുവായ ഉദ്യോഗസ്ഥ സേവനങ്ങള്‍ക്കുള്ള സ്ഥലവും സജ്ജമാക്കും.
കുട്ടികള്‍ക്കുള്ള ക്രഷുകള്‍, ഡേ കെയറുകള്‍, മുതിര്‍ന്നവര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സെന്ററുകള്‍ എന്നിവയും ഇവിടെ സജ്ജമാക്കും. സ്ത്രീകള്‍ക്കായി ഗതാഗത സൗകര്യവും ഷോര്‍ട്ട് സ്റ്റേ അക്കൊമഡേഷന് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
സമൂഹത്തിന്റെ മുഖ്യധാരയിലെത്താനും സാധ്യതകള്‍ പ്രയോജനപ്പെടുത്തി മികച്ച സംരംഭകരാകാനും ഈ ഉദ്യമം വനിതകളെ സഹായിക്കുമെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."