ഇസ്റാഈല്‍ വിമാനം ഇസ്ലാമാബാദില്; വാര്‍ത്ത നിഷേധിച്ച് പാകിസ്താന്
ഇസ്ലാമാബാദ്: ഇസ്റാഈല്‍ ഔദ്യോഗിക സംഘത്തെ വഹിച്ചുള്ള വിമാനം ഇസ്ലാമാബാദില് ഇറങ്ങിയെന്ന വാര്‍ത്ത പാകിസ്താന് നിഷേധിച്ചു. പാക് പ്രസിഡന്റ് ആരിഫ് അല്‍വി നേരിട്ടാണ് സംഭവത്തില്‍ നിഷേധക്കുറിപ്പിറക്കിയത്. ഇത്തരത്തില്‍ ഒരു വാര്‍ത്തയും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഇസ്റാഈല്‍ ഉദ്യോഗസ്ഥരുമായുള്ള വിമാനം ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയെന്നും സംഘം ഇവിടെ മണിക്കൂറുകളോളം ചെലവഴിച്ച ശേഷം തിരിച്ചുപോയെന്നുമായിരുന്നു വാര്‍ത്ത.
ഇസ്റാഈല്‍ വിമാനം തെല്‍അവീവില്‍നിന്ന് ഇസ്ലാമാബാദിലേക്കു പറന്നെന്നും ഇവിടെ പത്തു മണിക്കൂറോളം ചെലവഴിച്ച ശേഷം വീണ്ടും തെല്അവീവിലേക്കുതന്നെ തിരിച്ചെന്നും അവി ഷാര്‍ഫ് എന്ന ഇസ്റാഈല്‍ മാധ്യമപ്രവര്ത്തകന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അഭ്യൂഹം പരന്നത്. ഇസ്റാഈലിന്റെ സ്വകാര്യ പദ്ധതിയുടെ ഭാഗമായാണ് സംഘം ഇസ്ലാമാബാദിലെത്തിയതെന്നും പ്രചാരണമുണ്ടായിരുന്നു.
പാക് വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറേഷിയും വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയും നേരത്തെ വാര്‍ത്ത തള്ളിക്കളഞ്ഞിരുന്നു. വാര്‍ത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്നു ഖുറേഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."