വാര്‍ഷിക പദ്ധതി: ജില്ലയില്‍ 110 സ്ഥാപനങ്ങളും അംഗീകാരം നേടി
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങുന്ന പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്നലെ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ 73 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കുകൂടി അംഗീകാരം നല്കി. ഇതോടെ ജില്ലയിലെ 110 തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരമായി. ഇന്നലെ 64 ഗ്രാമപഞ്ചായത്തുകളും നാലു ബ്ലോക്കുകളും നാലു മുനിസിപ്പാലിറ്റികളും അംഗീകാരം നേടി. 122 തദ്ദേശ സ്ഥാപനങ്ങളില്‍ 114 സ്ഥാപനങ്ങളും ഡി.പി.സി മുന്‍പാകെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 110 സ്ഥാപനങ്ങളുടേതും അംഗീകരിച്ചു. ഇനി നാലു ഗ്രാമപഞ്ചായത്തും നാലു നഗരസഭകളുംകൂടിയാണ് പദ്ധതി സമര്‍പ്പിക്കാനുള്ളത്.
15നാണ് പദ്ധതികള്‍ക്ക് അംഗീകാരം നേടാനുള്ള അവസാന ദിവസം. ബാക്കിയുള്ള സ്ഥാപനങ്ങള്‍ അന്നു വൈകിട്ട് മൂന്നിനു ചേരുന്ന ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം നേടും. മെയ് 31നായിരുന്നു അംഗീകാരം വാങ്ങാനുള്ള അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അംഗീകാരം നേടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അവസാനി തിയതി ഈ മാസം 15ലേക്കു നീട്ടുകയായിരുന്നു. പദ്ധതിരേഖ ഓണ്‍ലൈനായി ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം 15നു മുന്‍പ് അംഗീകാരം നേടാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."