കള്ളവോട്ടിനെതിരേ നടപടിയെടുക്കും
തലശ്ശേരി: തലശ്ശേരി ടൗണ്‍ സര്‍വിസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.സി.സി സെക്രട്ടറിമാരായ അഡ്വ.സി.ടി സജിത്തും എം.പി അരവിന്ദാക്ഷനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ നൂറ്റമ്പതില്‍ താഴെ മാത്രം വരുന്ന സി.പി.എം വോട്ടര്‍മാര്‍ക്കു പുറമേ വ്യാജ ഐഡന്റിറ്റി കാര്‍ഡുപയോഗിച്ച് അഞ്ഞൂറിലേറെ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു. കോടിയേരി, എരഞ്ഞോളി, കതിരൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് വോട്ട് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നിയന്ത്രിച്ച സഹകരണ രജിസ്ട്രാര്‍ കള്ളവോട്ടിന് കൂട്ടുനില്‍ക്കുകയായിരുന്നു. പരസ്യമായ നിയമ ലംഘനമാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ നടന്നത്. അട്ടിമറിക്ക് കൂട്ടുനിന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതി നിര്‍ദേശം ലംഘിച്ച പൊലിസിനെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മണ്ണയാട് ബാലകൃഷ്ണന്, കെ. ശിവദാസന്‍, കെ.ഇ പവിത്രരാജ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."