ജനറേറ്ററിലെ പുക ശ്വസിച്ച് ഒന്‍പത് ബാങ്ക് ജീവനക്കാര്‍ കുഴഞ്ഞുവീണു
തളിപ്പറമ്പ്: പൂക്കോത്ത് നടക്ക് സമീപം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ഒന്‍പത് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
ബാങ്ക് മാനേജര്‍ കോട്ടയം കുമാരനെല്ലൂരിലെ പി.സി അലക്‌സ്(54), ക്ലറിക്കല്‍ ജീവനക്കാരായ പയ്യന്നൂര്‍ സ്വദേശി ശാന്ത(54), കല്യാശേരിയിലെ നിഥിന്‍(26), പുതിയതെരുവിലെ ഷൈജു(35), കല്യാശേരിയിലെ രമേശന്‍(28) എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നത്. ഷൈജുവും രമേശനും അബോധാവസ്ഥയില്‍ തുടരുകയാണ്. മറ്റ് നാല് ജീവനക്കാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.
ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ബാങ്കിലെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ പ്രവര്‍ത്തിക്കാത്തത് കാരണം എ.സി കാബിനുള്ളില്‍ പുക തങ്ങിനിന്നതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു. കാഷ്യറായ ഷൈജുവാണ് ആദ്യം കുഴഞ്ഞുവീണത്. പിന്നാലെ രമേശനും ബോധരഹിതനായി വീണു. മാനേജര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരും കുഴഞ്ഞുവീണതോടെ ശേഷിച്ചവര്‍ അലാറം മുഴക്കിയതോടെ നാട്ടുകാര്‍ എത്തിയാണ് ജീവനക്കാരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."