വിവാദ പരാമര്‍ശം: ബി.ജെ.പി ദേശീയ എക്സിക്യുട്ടീവില്‍നിന്ന് സുബ്രഹ്മണ്യം സ്വാമി പുറത്തായേക്കും
നാഗ്പൂര്‍: കേന്ദ്രത്തിനേയും ബി.ജെ.പിയേയും പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതിനാല്‍ പാര്‍ട്ടി രാജ്യസഭാ എം.പി സുബ്രഹ്മണ്യം സ്വാമിയെ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവില്‍നിന്ന് മാറ്റിയേക്കും.
സ്വാമിയുടെ വിവാദപരമായ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹത്തെ ദേശീയ എക്സിക്യുട്ടീവില്‍നിന്ന് മാറ്റുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ജപ്പാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് തിരിച്ചെത്തിയാലുടന്‍ സ്വാമിയുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. സമീപകാലത്ത് സുബ്രഹ്മണ്യം സ്വാമി നടത്തിയ പല പരാമര്‍ശങ്ങളും പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന തരത്തിലുള്ളതാണ്. ഇതിനെതിരേ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ സ്വാമി ട്വീറ്റ് ചെയ്ത പല കാര്യങ്ങളും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതും പാര്‍ട്ടിക്കുള്ളില്‍ സ്വാമിയുടെ നിലനില്പ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ധനവകുപ്പ് സെക്രട്ടറി ഹസ്മുഖ് ആദിയയ്ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളും നേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമാണ്. വിജയ്മല്യയെ രാജ്യംവിടാന്‍ അനുവദിച്ചത് അരുണ്‍ ജെയ്റ്റ്ലിയാണെന്ന തരത്തിലുള്ള സ്വാമിയുടെ ട്വീറ്റുകളും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."