കേസുകളെല്ലാം ഏറ്റെടുക്കാനൊരുങ്ങി ബി.ജെ.പി
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി വന്നതിനു ശേഷം അതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും ഏറ്റെടുക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി സംസ്ഥാനഘടകം ഉടന്‍ തീരുമാനമെടുക്കും.
തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ പമ്പയിലും നിലയ്ക്കലിലും നടന്ന അക്രമങ്ങളുടെ പേരില്‍ പൊലിസ് അറസ്റ്റ് തുടരുകയാണ്. ഇന്നലെവരെ 529 കേസുകളിലായി 3,505 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 122 പേര്‍ ജാമ്യം ലഭിക്കാതെ ജയിലുകളിലുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ കേസെടുത്തിരിക്കുന്നതിനാല്‍ ഇവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ വന്‍ തുക കെട്ടിവയ്‌ക്കേണ്ടിവരും.
വിഷയത്തില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. മാത്രമല്ല, അറസ്റ്റിലായ പലരും പണം കെട്ടിവച്ചു ജാമ്യത്തിലിറങ്ങാനോ ഭാവിയില്‍ കേസ് നടത്താനോ കഴിയുന്നവരല്ലെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
ഇങ്ങനെ പോയാല്‍ ശബരിമലയുടെ പേരിലുള്ള തുടര്‍സമരങ്ങള്‍ക്ക് ആളെക്കിട്ടാതാകുമെന്നും ഭയമുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് ശബരിമലയുടെ പേരില്‍ നടന്ന ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായതുള്‍പ്പെടെ എല്ലാ കേസുകളും പാര്‍ട്ടി ഏറ്റെടുക്കാനൊരുങ്ങുന്നത്.
നിയമനടപടിക്കു സഹായം നല്‍കുക മാത്രമല്ല, പിഴത്തുക കെട്ടിവച്ചു റിമാന്‍ഡില്‍ കഴിയുന്നവരെ പുറത്തിറക്കുകയും ചെയ്യും. ഇതിനായി പ്രത്യേക ഫണ്ട് ശേഖരണം നടത്തുന്നതും പരിഗണനയിലുണ്ട്. സമരം ശക്തമാക്കാന്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് അറസ്റ്റിലായവര്‍ക്കുള്ള നിയമസഹായവും നല്‍കാന്‍ തീരുമാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."