അഹിന്ദുക്കളെ വിലക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല മതേതരത്വത്തിന്റെ പ്രതീകമെന്ന് ഹൈക്കോടതി. അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ നേതാവ് ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാടു വ്യക്തമാക്കിയത്. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്നയിടമാണെന്നും എല്ലാവര്ക്കും പ്രവേശിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹരജി രണ്ടാഴ്ചക്കു ശേഷം കോടതി പരിഗണിക്കും.
ശബരിമല എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാവുന്ന ക്ഷേത്രമല്ലേയെന്ന് ഹൈക്കോടതി ഹരജിക്കാരനോട് ആരാഞ്ഞു. അതിനാല്‍ ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥരായ വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണെന്നു പറഞ്ഞ കോടതി, സംസ്ഥാനത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കുന്നതാണ് ഹരജിയെന്നും നിരീക്ഷിച്ചു. ശബരിമല എല്ലാവരുടേതുമാണ്. ഏതു ഭക്തന് വന്നാലും സംരക്ഷണം നല്‍കണം. ഇരുമുടിയില്ലാതെ ശബരിമലയ്ക്കു പോകുന്നതിനു തടസമില്ലെന്നും പതിനെട്ടാംപടി കയറുമ്പോഴാണ് ഇരുമുടിക്കെട്ടിനാവശ്യമെന്നും കോടതി വ്യക്തമാക്കി.
ദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ക്കു സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ വിശദീകരണം ബോധിപ്പിച്ചത്. ഇതുവരെ ആരും അവിശ്വാസികളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."