പകര്‍ച്ചപ്പനി; കൊള്ളലാഭം കൊയ്ത് സ്വകാര്യ ക്ലിനിക്കുകള്‍
കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമായതോടെ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും കൊള്ളലാഭം കൊയ്യാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ളവ നിയന്ത്രണ വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരാജയപ്പെട്ടതാണ് ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുണയാകുന്നത്.
പകര്‍ച്ചപ്പനി വ്യാപകമായ സ്ഥലങ്ങളില്‍ മിക്കയിടത്തും പ്രാഥമിക നടപടികള്‍ സ്വീകരിക്കാന്‍ പോലും ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും കാര്യമായ ചികിത്സ ലഭിക്കുന്നില്ല. തുടര്‍ന്ന് സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ലോബികളുടെ പിടിയിലകപ്പെടുകയാണ്. കണ്‍സല്‍ട്ടിങ് ഫീസായും സര്‍വിസ് ചാര്‍ജെന്ന പേരിലും തോന്നിയ പോലെയാണ് രോഗികളില്‍ നിന്നും ഇവര്‍ പണം ഈടാക്കുന്നത്. രോഗത്തെപ്പറ്റിയുള്ള രോഗികളുടെ അജ്ഞതയും ഇവര്‍ ചൂഷണം ചെയ്യുന്നു.
ഡെങ്കിപ്പനി സ്ഥിരീകരിക്കാനുള്ള ടെസ്റ്റ് മുതല്‍ ആരംഭിക്കുന്നതാണ് ഇവരുടെ ചൂഷണം. 500 രൂപ മുതല്‍ 1000 രൂപവരെയാണ് വിവിധ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും ഇതിനായി ഈടാക്കുന്നത്.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന രോഗമായതിനാല്‍ ഇത് വര്‍ധിക്കാന്‍ ഭക്ഷണത്തിലുള്‍പ്പെടെ ക്രമീകരണം വരുത്തേണ്ടത് അത്യാവശ്യമാണ്. ഇത് മറയാക്കി രോഗികളില്‍ ഗ്ലൂക്കോസ് കയറ്റുന്നതിനായി കമ്പനികളില്‍ നിന്നും നിരവധി ഐ.വി ബോക്‌സുകളാണ് നിത്യേന സ്വകാര്യ ക്ലിനിക്കുകള്‍ വാങ്ങിക്കൂട്ടുന്നത്.
അനാവശ്യമായി രോഗികള്‍ക്ക് മരുന്നു നല്‍കുന്ന പ്രവണതയും ചിലയിടങ്ങളിലുണ്ട്. പപ്പായ ഇലയും പപ്പായയും പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇതുപയോഗിച്ചുള്ള മരുന്നുകളും വില്‍പനക്കെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ കാര്യക്ഷമമായ ചികിത്സ ലഭ്യമാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സ്വാകാര്യ ക്ലിനിക്കുകള്‍ നിര്‍ലോപം ജനങ്ങള്‍ക്കുമേലുള്ള പിഴിയല്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."