സാക്ഷരതയ്ക്കായി കേരളത്തിന് വീണ്ടും കേന്ദ്രഫണ്ട്
മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് വീണ്ടും കേന്ദ്ര ഫണ്ട് ലഭിക്കും. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിനാല്‍ നിര്‍ത്തിവച്ച കേന്ദ്രവിഹിതം സംസ്ഥാനത്തെ സാമൂഹിക സാക്ഷരതാ പദ്ധതികള്‍ക്കുവേണ്ടി പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ചുള്ള കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ തീരുമാനം വൈകാതെയുണ്ടാകും.
അന്‍പത് ശതമാനത്തിനു മുകളില്‍ സാക്ഷരതയുള്ള സംസ്ഥാനങ്ങളുടെ തുടര്‍വിദ്യാഭ്യാസ പദ്ധതികള്‍ 2009 മുതല്‍ കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു. പിന്നീട് കേന്ദ്ര സഹായം സാക്ഷരതക്കു ലഭിച്ചിരുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് കേരളത്തെ മാതൃകയാക്കി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും ദേശീയ സാക്ഷരതാമിഷന്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. നിരക്ഷരതാ നിര്‍മാര്‍ജനത്തിനായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും ദേശീയ സാക്ഷരതാ മിഷനും ചേര്‍ന്നു നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാക്ഷരതാ പദ്ധതിയായ പഠ്‌നാ ലിഖ്‌നാ അഭിയാന്‍ പദ്ധതിയിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന വിവിധ സാക്ഷരതാ പഠന പരിപാടികള്‍ കേന്ദ്രം വിലയിരുത്തിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ലഭ്യമാക്കാനുള്ള തീരുമാനം. കഴിഞ്ഞ ഏഴിന് ഡല്‍ഹിയില്‍ നടന്ന യോഗത്തിലേക്ക് സംസ്ഥാനത്തിനു ക്ഷണം ലഭിച്ചിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയരക്ടറാണ് യോഗത്തില്‍ സംബന്ധിച്ചത്. കേന്ദ്ര ഫണ്ട് നിലച്ച ശേഷം ആദ്യമായാണ് സംസ്ഥാനത്തിന് കേന്ദ്രസാക്ഷരതാമിഷന്റെ ക്ഷണം ലഭിച്ചത്.
സാക്ഷരതാ തുടര്‍ പഠന പരിപാടികളോടൊപ്പം ആദിവാസി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, തീരദേശവാസികള്‍, ഇതര സംസ്ഥാന തൊഴിലാളിക്കിടയില്‍ മലയാള പഠനം, മലയാളികള്‍ക്കായി വിവിധ ഭാഷാ പഠനം, പരിസ്ഥിതി സാക്ഷരത തുടങ്ങി വിവിധ പദ്ധതികള്‍ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. രണ്ടായിരം കോളനികളില്‍ സാക്ഷരതയെത്തിക്കുന്ന പരിപാടിയിലും ഈയിടെ ആരംഭിച്ചിരുന്നു. കേരള മാതൃക രാജ്യവ്യാപകമാക്കുന്നതിനെ കുറിച്ച് നേരത്തെ സംസ്ഥാനത്തെത്തിയ കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരത അധികൃതരും നീതി ആയോഗ് അധികൃതരും നിര്‍ദേശിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങള്‍ക്കും യോജിച്ച രീതിയില്‍ പദ്ധതികള്‍ പുനരാവിഷ്‌കരിച്ചാണ് നടപ്പിലാക്കുക.
സംസ്ഥാനത്ത് തുല്യതാ പഠിതാക്കളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. ഈവര്‍ഷം സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയും വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലുമായി 2,04178 പേരാണ് പഠിതാക്കളായുള്ളത്. സാക്ഷരതയ്ക്ക് 49,566, തുല്യതാ കോഴ്‌സുകളായ നാലാംതരത്തിന് 40260, ഏഴാംതരം 24,393, പത്താംതരം 35,306, ഹയര്‍ സെക്കന്‍ഡറി 33,798 എന്നിങ്ങനെയാണ് ഈ അധ്യയന വര്‍ഷത്തെ പഠിതാക്കളുടെ കണക്ക്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ചമലയാളത്തിന് 749, അച്ഛീ ഹിന്ദി 448, ഗുഡ് ഇംഗ്ലിഷ് 3658 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നാലാംതരം തുല്യതാ കോഴ്‌സിനുമാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിരട്ടിയോളം വര്‍ധനയാണ് ഇത്തവണയുള്ളത്. പ്ലസ്ടു തുല്യത എഴുതാന്‍ 16,000 പഠിതാക്കളുമുണ്ട്. കേരളം 1991 ഏപ്രില്‍ 18നാണ് സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത്. തൊണ്ണൂറുശതമാനം സാക്ഷരത കൈവരിച്ച പഞ്ചായത്തുതലം മുതലാണ് സമ്പൂര്‍ണ സാക്ഷരരായി പ്രഖ്യാപിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം 93.91 ശതമാനമാണ് കേരളത്തിന്റെ സാക്ഷരതാ നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."