40,000 ട്രെയിന്‍ കോച്ചുകള്‍ നവീകരിക്കാന്‍ പദ്ധതി
ന്യൂഡല്‍ഹി: നിലവിലുള്ള 40,000 ട്രെയിന്‍ കോച്ചുകള്‍ നവീകരിക്കാന്‍ റെയില്‍വേ മന്ത്രാലയം പദ്ധതിയിട്ടു. 8,000 കോടി രൂപ ചെലവിട്ടാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര യാത്രാ അനുഭവമൊരുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
ട്രെയിനിന്റെ ഉള്‍ഭാഗങ്ങള്‍ നവീകരിക്കുന്നതോടൊപ്പം മികച്ച യാത്രാസൗകര്യവും ഒരുക്കും. കോച്ചിന്റെ ഉള്‍ഭാഗങ്ങള്‍ പുതുക്കിപ്പണിയുകയോ നിലവിലുള്ളത് നവീകരിക്കുകയോ ചെയ്യാനാണ് നീക്കം. മികച്ച ഇരിപ്പിടങ്ങളും പുതുതായി രൂപകല്പന ചെയ്ത ബയോ ടോയ്ലെറ്റുകളുമാണ് പുതിയ മാറ്റങ്ങളില്‍ പ്രധാനം.
ഒരു കോച്ചിന്റെ ഉള്‍ഭാഗം നവീകരിക്കാന്‍ 30 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. 2023ഓടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ 1,000 കോച്ചുകള്‍ നവീകരിക്കും. 2018-19, 2022-23 കാലയളവുകളിലായി 15,000 ആധുനിക സൗകര്യങ്ങളോടെയുള്ള കോച്ചുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഇതിനു പുറമെ പഴയ കോച്ചുകളിലെല്ലാം കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാനും റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
അപകടങ്ങളില്‍ ട്രെയിന്‍ മറിയുന്ന സാഹചര്യങ്ങളെ അതിജീവിക്കാവുന്ന തരത്തിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങളാണ് പരീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."