ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി
കല്ലമ്പലം: വെള്ളല്ലൂര്‍ മേഖലയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി. നഗരൂര്‍ പ്രദേശത്ത് നിന്നും പിക്കപ്പ് വാഹനങ്ങളില്‍ മത്സ്യവുമായി വില്‍പ്പനക്കെത്തുന്ന ചിലരാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
ഞായറാഴ്ച വെള്ളല്ലൂര്‍ മേഖലയില്‍ ഇത്തരം പഴകിയ മത്സ്യങ്ങള്‍ എത്തിയതോടെ നഗരൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വെള്ളല്ലൂര്‍ കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് വിഭാഗത്തിന് കൈമാറി. ഞായറാഴ്ച ആയതിനാല്‍ പരിശോധന നടന്നില്ല. തിങ്കളാഴ്ച രാവിലെ മത്സ്യം ആരോഗ്യ വിഭാഗം പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം സ്ഥിരമായി കഴിച്ചാല്‍ ക്യാന്‍സര്‍, കുടല്‍പുണ്ണ്, തിമിരം, കരള്‍രോഗങ്ങള്‍ എന്നിവക്ക് കാരണമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു. ദിവസങ്ങളോളം പഴക്കമുള്ള മത്സ്യം അമിത ലാഭത്തിനാണ് കച്ചവടക്കാര്‍ ഇപ്രകാരം ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."