വിഴിഞ്ഞം തുറമുഖ നിര്‍മാണം സജീവമാകുന്നു
വിഴിഞ്ഞം: താളം തെറ്റിയ വിഴിഞ്ഞം തുറമുഖ നിര്‍മാണം ഒരിടവേളക്കു ശേഷം സജീവമാകുന്നു. ഇടക്കാലത്ത് പ്രക്ഷുബ്ധമായിരുന്ന കടല്‍ ശാന്തമായതും കരിങ്കല്ലിന്റെ ലഭ്യത ഉറപ്പുവരുകയും ചെയ്തതോടെയാണ് തുറമുഖനിര്‍മ്മാണത്തിന് വേഗമേറുന്നത്.
ഇടയ്ക്കുണ്ടായ കടല്‍ക്ഷോഭത്തില്‍ പൈലിങ് കേന്ദ്രങ്ങളിലേക്കുള്ള താല്‍കാലിക പാലങ്ങള്‍ തകരുകയും പുലുമുട്ടിന്റെ കുറച്ച് ഭാഗം കടലെടുക്കുകയും ചെയ്തതിനെ പൈലിങ് ജോലികളും പുലിമുട്ട് നിര്‍മാണവും നിലച്ചിരുന്നു. ഇപ്പോള്‍ കടല്‍ശാന്തമായതും മാസങ്ങളുടെ ഇടവേളക്ക് ശേഷം കടല്‍ഭിത്തി നിര്‍മാണത്തിനാവശ്യമായ കല്ലുകള്‍ പ്രദേശിക ക്വാറികളില്‍ നിന്ന് എത്തി തുടങ്ങിയതുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ വെപ്പിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും തുറമുഖ നിര്‍മാണത്തിനാവശ്യമായ കരിങ്കല്ല് കടല്‍ മാര്‍ഗം എത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റ് ജില്ലകളില്‍ നിന്ന് കരമാര്‍ഗം കൊണ്ടുവരുന്ന കല്ല് മതലപ്പൊവിയിലെത്തിച്ച് അവിടെ നിന്ന് ബാര്‍ജുപയോഗിച്ച് കടല്‍മാര്‍ഗം നിര്‍മാണ പ്രദേശത്തെത്തിക്കാനാണ് തീരുമാനം. ഇതിനായി മുതലപ്പൊഴിയുടെ ആഴം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഇത് പൂര്‍ത്തിയാകുന്നതോടെ അടുത്തമാസം മുതല്‍ പൂര്‍ണമായതോതില്‍ നിര്‍മാണത്തിനാവശ്യമായ കരിങ്കല്ല് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഇതോടൊപ്പം കടല്‍കുഴിക്കാന്‍ഉണ്ടായിരുന്ന രണ്ട് ഡ്രഡ്ജറുകള്‍ കടല്‍ക്ഷോഭത്തില്‍ പെട്ടതിനെ തുടര്‍ന്ന് കേടായിരുന്നു. ഇതിന് പകരമായുള്ള പുതിയ കടല്‍കുഴിക്കല്‍ യന്ത്രം രണ്ടാഴ്ചക്കുള്ളില്‍ ഇവിടെയെത്തും. ബര്‍ത്ത് നിര്‍മാണത്തിനാവശ്യമായ അറുനൂറില്‍പരം പൈലുകളില്‍ 70 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ പണി ഇരുപത്തിനാല് മണിക്കൂറും നടന്നുവരുന്നതിനാല്‍ ജനുവരിയോടെ ബാക്കിയുള്ള പൈലിങ് ജോലികളും പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കടല്‍കുഴിച്ചുള്ള മണ്‍തിട്ട പൂര്‍ത്തിയായി കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ സ്ലോപ്പ് പ്രൊട്ടക്ഷന്‍ നിര്‍മാണം തുടങ്ങും. ബെര്‍ത്തിനു സമീപത്ത് കരിങ്കല്ലുകള്‍ ചരിഞ്ഞ രീതിയില്‍ അടുക്കിയാണ് സ്ലോപ്പ് പ്രൊട്ടക്ഷന്‍ നടത്തുന്നത്.
ഇതിന് ശേഷമാണ് ബെര്‍ത്തിനു മുകളില്‍ കോണ്‍ക്രീറ്റ് പാളികള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ കോണ്‍ക്രീറ്റ് നിര്‍മ്മിതികളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. നിര്‍മാണ സ്ഥലത്ത് പുതിയ ഡ്രജറുകളും കരിങ്കല്‍ നിക്ഷേപിക്കുന്നതിനുള്ള ബോട്ടം ഓപ്പണ്‍ ബാര്‍ജും അടുത്ത മാസത്തോടെ വിഴിഞ്ഞത്ത് എത്തുന്നതോടെ തുറമുഖ നിര്‍മാണത്തിന്റെ വേഗവും കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."