പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കും
പഴയങ്ങാടി: അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കി (റോഡ് സേഫ്റ്റി കോറിഡോര്‍) മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ റോഡ് സന്ദര്‍ശിച്ചു.
നാറ്റ്പാക് തയാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ട് കലക്ടര്‍ അധ്യക്ഷനയ റോഡ്‌സേഫ്റ്റി ജില്ലാതല സമിതിക്ക് സമര്‍പ്പിക്കുകയും പരിശോനകള്‍ക്ക് ശേഷം സംസ്ഥാനതല സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിക്കും, ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ക്കും എം.എല്‍.എ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് സന്ദര്‍ശിച്ചത്. 184ലക്ഷം രൂപയുടെ പദ്ധതിയാണ് റോഡ് സേഫ്റ്റി അതോററ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.21 കിലോമീറ്റര്‍ റോഡില്‍ സെര്‍വൈലന്‍സ് കാമറയും, നാല് പ്രധാന കേന്ദ്രങ്ങളില്‍ രണ്ട് വീതം എട്ടു എ.എന്‍.പി.ആര്‍ (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ്പരിശോധന) കാമറകളുമാണ് സ്ഥാപിക്കുക. ഹനുമാരമ്പലം ജങ്ഷനില്‍ മൂന്ന് റെഡ് ലൈറ്റ് വൈലേഷന്‍ ഡിറ്റക്ഷന്‍ കാമറകളാണ് സ്ഥാപിക്കുന്നത്. പഴയങ്ങാടി, കണ്ണപുരം പൊലിസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
അപകടങ്ങള്‍ ഉണ്ടാക്കി നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍, ഓവര്‍ സ്പീഡില്‍ പോകുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഉള്‍പ്പടെ കാമറകള്‍ ഒപ്പിയെടുക്കുന്ന സംവിധാനം ഉണ്ടാകും. യാത്രക്കാരുടെയും ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതുമായ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അപകടരഹിത മേഖലയാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സിഗ്‌നല്‍ സംവിധാനത്തിന്റെ അഭാവവും അപകടങ്ങള്‍ തുടര്‍കഥയാകുന്നതും സുപ്രഭാതം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടി.വി രാജേഷ് എം.എല്‍.എ, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍, കെ. പത്മകുമാര്‍ ഐ.പി.എസ് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."