ഇന്തോനേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു
ജക്കാര്‍ത്ത: 189 പേരുമായി പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കുള്ളില്‍ കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനമായ ജെ.ടി 610ന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കുറച്ചു മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍ നിന്ന് കണ്ടെടുത്തു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്താനായി ഡ്രോണുകള്‍, സോനാര്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ ലഭിച്ചുവെന്ന് ഇന്തോനേഷ്യന്‍ നാഷനല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു ഏജന്‍സി തലവന്‍ മുഹമ്മദ് സ്വാഗി പറഞ്ഞു.
അവശിഷ്ടങ്ങള്‍ തിരിച്ചറിയാനും ഡി.എന്‍.എ പരിശോധനക്കുമായി അയച്ചു. വിമാനത്തിന്റെ പ്രധാനഭാഗങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലോപരിതലത്തിലുള്ള മുഴുവന്‍ അവശിഷ്ടങ്ങളും ശേഖരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ച അവശിഷ്ടങ്ങളില്‍ ഒരു കുട്ടിയുടെ ശരീര ഭാഗങ്ങളുമുണ്ടെന്ന് നാഷനല്‍ ഡെപ്യൂട്ടി പൊലിസ് തലവന്‍ അരി ഡോനോ സുക്മാന്റോ പറഞ്ഞു. 14 ബാഗുകളിലായിട്ടാണ് അവശിഷ്ടങ്ങള്‍ ശേഖരിച്ചത്. 181 യാത്രക്കാര്‍, രണ്ട് പൈലറ്റുമാര്‍, ആറ് ക്രൂ അംഗങ്ങള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇന്തോനേഷ്യന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി (എന്‍.ടി.എസ്.സി) അറിയിച്ചു. പൈലറ്റില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഇന്തോനേഷ്യന്‍ ധനകാര്യ മന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥര്‍, ഇറ്റലിയിലെ മുന്‍ സൈക്കിള്‍ താരമായ ആന്‍ഡ്രിയ മാന്‍ഫ്രഡി എന്നിവര്‍ വിമാന യാത്രക്കാരായിരുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലിന്റെ 30-40 മീറ്റര്‍ താഴെയാണെന്നാണ് കരുതുന്നത്. അഞ്ച് യുദ്ധക്കപ്പലുകളുടെ സഹായത്തോടെ ജലാന്തര്‍ ഭാഗത്തുള്ള ലോഹങ്ങള്‍ കണ്ടെത്താനുള്ള സോനാര്‍ ഉപയോഗിച്ച് തിരച്ചല്‍ നടത്തുന്നുണ്ടെന്ന് ഇന്തോനേഷ്യന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു ഏജന്‍സി വക്താവ് യൂസുഫ് ലത്തീഫ് പറഞ്ഞു. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് കരുതുന്നത്.
ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വിമാനം ടേക്ക്ഓഫ് ചെയ്തു മൂന്നു മിനുട്ടിനുള്ളില്‍ പൈലറ്റായ ഡല്‍ഹി സ്വദേശി കാപ്റ്റന്‍ ഭവ്യേ സുനേജ തിരിച്ചിറങ്ങാനുള്ള അനുവാദം ചോദിച്ചതായാണു വെളിപ്പെടുത്തല്‍. എയര്‍കണ്‍ട്രോള്‍ ട്രാഫിക്കാണ് ഇക്കാര്യം പുറത്തുവിട്ടത്.
ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനമാണു തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ 6.21നു പുറപ്പെട്ട വിമാനം 7.20നു പങ്കാല്‍ പിനാങ്ങില്‍ ഇറങ്ങേണ്ടതായിരുന്നു.
ജക്കാര്‍ത്തയുടെ കിഴക്കന്‍ തീരമായ കരാവാങ്ങിനു സമീപം ജാവാ കടലിലാണു വിമാനം വീണത്. നേരത്തെ ബാലി ജക്കാര്‍ത്ത യാത്രയില്‍ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്നും അതു പരിഹരിച്ചിരുന്നുവെന്നും ലയണ്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടിവ് എഡ്വേഡ് സിറൈത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."