സിറ്റി വിജയക്കുതിപ്പ് തുടരുന്നു; പട്ടികയില്‍ ഒന്നാമത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയക്കുതിപ്പ് തുടരുന്നു. ടോട്ടനത്തിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
സിറ്റിയുടെ പത്തു കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് മത്സരത്തില്‍ ജയിക്കുകയും രണ്ട് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ടോട്ടനത്തിനെതിരേ നടന്ന എവേ മത്സരത്തില്‍ ആറാം മിനുട്ടില്‍ റിയാദ് മെഹ്റസാണ് സിറ്റിക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ലിവര്‍പൂളിനെ ഗോള്‍ശരാശരിയില്‍ മറികടന്നാണ് 26 പോയിന്റുമായി സിറ്റി ലീഗില്‍ വീണ്ടണ്ടും തലപ്പത്തേക്ക് തിരിച്ചെത്തിയത്. പത്ത് കളി പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് സമനിലയും എട്ട് ജയവുമാണ് ലിവര്‍പൂളിനും. എന്നാല്‍ ഗോള്‍ ശരാശരിയിലാണ് സിറ്റി ഒന്നാമതെത്തിയത്.
ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ഇന്റര്‍ മിലാന് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാസിയോയെ തകര്‍ത്തു. ഇരട്ട ഗോള്‍ നേടിയ അര്‍ജന്റീന താരം മൗറോ ഇക്കാര്‍ഡിയാണ് ഇന്റര്‍ മിലാന് മികച്ച ജയം സമ്മാനിച്ചത്. കളിയുടെ 28, 70 മിനിട്ടുകളിലായിരുന്നു ഇക്കാര്‍ഡിയുടെ ഗോള്‍ നേട്ടം.
മാര്‍സെലോ ബ്രോസോവിച്ചാണ് ഇന്ററിന്റെ മറ്റൊരു ഗോള്‍ സ്കോറര്‍. വിജയത്തോടെ ഇന്റര്‍ പോയിന്റ് പട്ടികയില്‍ രണ്ടണ്ടാം സ്ഥാനത്തെത്തി. 28 പോയിന്റുമായി യുവന്റസ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."