ഫുട്‌ബോള്‍ താരം ആര്യശ്രീക്ക് കായിക വകുപ്പ് വീട് നിര്‍മിച്ച് നല്‍കും
നീലേശ്വരം: സ്വന്തമായൊരു വീടെന്ന വനിതാ ഫുട്‌ബോള്‍ താരം ആര്യശ്രീയുടെ സ്വപ്നത്തിന് ഒടുവില്‍ വിരാമമാകുന്നു. ആര്യക്കുട്ടിക്ക് ഇനി സ്വന്തം വീട്ടില്‍ താമസിക്കാം.
താരത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ആര്യശ്രീക്ക് വീട് നിര്‍മിക്കാനായി ഉണ്ടാക്കിയ ജനകീയ കമ്മിറ്റിക്ക് ഭവന നിര്‍മാണ ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ നിര്‍മാണ ചുമതല കിറ്റ്‌കോയെ ഏല്‍പ്പിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മൂന്നു മാസം മുന്‍പ് കാസര്‍കോട് മുന്‍ എം.പി പി. കരുണാകരന്റെയും തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആര്യശ്രീക്ക് വീട് നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചപ്പോള്‍ പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ പ്രഖ്യാപനത്തോടെ സ്വന്തമായി ഒരു ഭവനം എന്ന ഏറെ നാളത്തെ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ പോവുന്ന സന്തോഷത്തിലാണ് ആര്യശ്രീയും കുടുംബവും.
നീലേശ്വരം തെക്കന്‍ ബങ്കളം സ്വദേശികളായ ഷാജുവിന്റെയും ശാലിനിയുടെ മൂത്ത മകളായ എസ്. ആര്യശ്രീ കക്കാട് ജി.എച്ച്.എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അനിയന്‍ അഭിനവ് ഈ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നിലവില്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീം അംഗമാണ് ആര്യശ്രീ . ഭൂട്ടാന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
പിതാവ് ഷാജുവിന്റെ ലോട്ടറി വില്‍പനയാണ് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. നീലേശ്വരം മുനിസിപ്പാലിറ്റിക്ക് കീഴിലെ തെക്കന്‍ ബങ്കളത്ത് ശാലിനിയുടെ അച്ഛന്‍ നല്‍കിയ 10 സെന്റ് സ്ഥലത്തെ ഷെഡിലാണ് ഇവര്‍ താമസിക്കുന്നത്. സ്വന്തമായി ഒരു വീട് എന്നത് ഈ നാലംഗ കുടുംബത്തിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."