റഷ്യയെ 'പിടിക്കാന്‍' താലിബാന്‍
.
മോസ്‌കോ: മാസങ്ങളായി നടന്ന സമാധാന ചര്‍ച്ചയില്‍നിന്ന് അമേരിക്ക പിന്‍വലിഞ്ഞതോടെ റഷ്യയുമായി ചര്‍ച്ച നടത്താന്‍ താലിബാന്‍ പ്രതിനിധികള്‍ മോസ്‌കോയിലെത്തി. താലിബാനുമായി നടക്കുന്ന സമാധാന ചര്‍ച്ചകള്‍ 'തീര്‍ന്ന'തായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചതിനു ദിവസങ്ങള്‍ക്കകമാണ് താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തിയത്.
റഷ്യയുമായി ചര്‍ച്ച നടത്തുന്ന കാര്യം സ്ഥിരീകരിച്ച താലിബാന്റെ ഖത്തര്‍ വക്താവ് സുഹൈല്‍ ഷഹീന്‍, തങ്ങളുടെ പ്രതിനിധി സംഘം റഷ്യയിലെ അഫ്ഗാന്‍ അംബാസിഡറുമായി കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. താലിബാന്‍ പ്രതിനിധികളുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ അമേരിക്കയുമായുള്ള ചര്‍ച്ച തുടരണമെന്നാണ് റഷ്യന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇതിനു തങ്ങള്‍ തയാറാണെന്നാണ് താലിബാന്‍ നിലപാടെടുത്തതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ ഖത്തര്‍ കേന്ദ്രീകരിച്ചാണ് അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നത്. അഫ്ഗാനില്‍ 18 വര്‍ഷമായി തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ദോഹയില്‍ ചര്‍ച്ചയുടെ ഒന്‍പതു ഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് ചര്‍ച്ചകള്‍ നിര്‍ത്തിയതായി ട്രംപ് വ്യക്തമാക്കിയിരുന്നത്. ചര്‍ച്ചകള്‍ക്കിടെയും അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയും ഇവയുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തതോടെയായിരുന്നു ട്രംപിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."