മരട്: അനിശ്ചിതത്വം തുടരുന്നു ഒഴിയില്ലെന്ന് കുടുംബങ്ങള്‍
സ്വന്തം ലേഖകന്‍
കൊച്ചി: ഒഴിഞ്ഞുപോകാന്‍ നഗരസഭ നിര്‍ദേശിച്ച സമയപരിധി അവസാനിക്കുമ്പോള്‍ മരട് ഫ്‌ളാറ്റ് വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നു.
ഈ മാസം ഇരുപതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ചുദിവസത്തിനകം ഒഴിയണമെന്നാണ് അഞ്ച് ഫ്‌ളാറ്റുകളിലായുള്ള 357 കുടുംബങ്ങളോട് നഗരസഭ നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ പത്തിനാണ് ഇതുസംബന്ധിച്ചുള്ള നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടിസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളില്‍ പതിപ്പിച്ച് നഗരസഭാ സെക്രട്ടറി മടങ്ങുകയായിരുന്നു.
എന്നാല്‍, ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്ന നിലപാടിലുറച്ച് സമരം ശക്തമാക്കുകയാണ് കുടുംബങ്ങള്‍. ഉടമകളുടെ നേതൃത്വത്തില്‍ മരട് നഗരസഭയിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തി.
സമരത്തിന് ശക്തമായ പിന്തുണയുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുണ്ട്. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഇന്നലെ രാവിലെ തന്നെ ഫ്‌ളാറ്റുടമകള്‍ പ്രതിഷേധസമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരക്കാരെ കാണാനെത്തി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ എത്തുമെന്നാണറിയുന്നത്. താമസക്കാര്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭയുടെ നോട്ടിസിലുള്ളത്. കൂടാതെ പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ നഗരസഭയെ സമീപിച്ചിരുന്നു. അതേസമയം, നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരേ നാളെ ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യും.
സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും: കോടിയേരി
കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടിവരില്ല. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. രാഷ്ട്രീയതര്‍ക്കം പ്രശ്‌നത്തിന് പരിഹാരമാകില്ല.
രജിസ്‌ട്രേഷന്‍ അടക്കം നടപടികളെല്ലാം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് വാങ്ങി താമസിക്കുന്നവര്‍ക്ക് എതിരേ നടപടിയെടുക്കുന്നത് വിചിത്രമായ കാര്യമാണ്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."