സെന്റ് സ്റ്റീഫന്‍സില്‍ ഇനി കായിക മാമാങ്കങ്ങള്‍
കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് ഈ മാസം കായിക മാമാങ്കങ്ങള്‍ക്ക് സാക്ഷിയാകും. ബിഷപ്പ് തറയില്‍, സിസ്റ്റര്‍ ഗോരേത്തി സ്മാരക അഖിലകേരള ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് 2016 ജനുവരി അഞ്ച് മുതല്‍ എട്ടു വരെയും ബിഷപ്പ് കുന്നശ്ശേരി പൗരോഹത്യ സുവര്‍ണ്ണ ജൂബിലി സ്മാരക അഖിലകേരള ഇന്റര്‍ കോളേജിയറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 12 മുതല്‍ 14 വരെയും സുവര്‍ണ്ണ ജൂബിലി സ്മാരക ഷട്ടില്‍ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനുവരി 15 നും നടക്കും.
1988ല്‍ ഉഴവൂര്‍ കോളജിന്റെ രജത ജൂബിലിയോടനുബന്ധിച്ച് കോളജിന്റെ സ്ഥാപക പിതാവ് ദിവാഗതനായ തറയില്‍ തിരുമേനിയുടെ സ്മരണയ്ക്കായി ആരംഭിച്ച പുരുഷവിഭാഗം അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് 28 വര്‍ഷം പിന്നിടുകയാണ്. കോളജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പലും ഇംഗ്ലീഷ് വകുപ്പ് മേധാവിയുമായിരുന്ന സിസ്റ്റര്‍ ഗോരത്തിയുടെ സ്മരണയ്ക്കായി വനിതാ വിഭാഗത്തില്‍ ആരംഭിച്ച അഖിലകേരള ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന് 27 വര്‍ഷത്തെ പഴക്കമുണ്ട്.
ജനുവരി അഞ്ചിന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോളജ് ഗ്രൗണ്ടില്‍ ഒളിമ്പ്യന്‍ കെ.എം ബിനു ടൂര്‍ണമെന്റുകള്‍ ഉദ്ഘാടനം ചെയ്യും. ആദ്യ മത്സരത്തില്‍ സെന്റ് തോമസ് കോളേജ് പാലാ ആതിഥേയരായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരിയും സെന്റ് ജോര്‍ജ്ജ് അരുവിത്തുറയും ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് നടക്കുന്ന ആദ്യ മത്സരത്തില്‍ എസ്.എന്‍.ജി. കോളേജ് ചേലന്നൂര്‍ ഉദ്ഘാടന മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ കെ.ഇ കോളേജ് മാന്നാനം സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയെ നേരിടും. എട്ടിന് രാവിലെ നടക്കുന്ന പുരുഷ-വനിത വിഭാഗം ഫൈനലിനുശേഷം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ്ജ് വര്‍ഗ്ഗീസ് സമ്മാനദാനം നിര്‍വ്വഹിക്കും.
പതിനൊന്നാമത് ബിഷപ്പ് കുന്നശേരി പൗരോഹിത്യ സുവര്‍ണ ജൂബിലി സ്മാരക അഖില കേരള ഇന്റര്‍ കോളജിയറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 12ന് ആരംഭിക്കും. 14ന് രാവിലെ എട്ടിനാണ് ഫൈനല്‍. വിജയികള്‍ക്കുള്ള ട്രോഫി സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനിക്കും.
മൂന്നാമത് സുവര്‍ണ ജൂബിലി സ്മാരക ഷട്ടില്‍ ബാഡ്മിന്റെണ്‍ ടൂര്‍ണമെന്റ് ജനുവരി 15ന് നടക്കുന്നതാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റ്റി.കെ ഇബ്രാഹിംകുട്ടി സമ്മാനദാനം നിര്‍വ്വഹിക്കും.
കേരള, കണ്ണൂര്‍, എം.ജി, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ചാംപ്യന്‍മാര്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുമെന്ന് പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ബെന്നി കുര്യാക്കോസ്, പബ്ലിസിറ്റി കണ്‍വീനര്‍, പ്രൊഫ. ജിമ്മി ജെയിംസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."