നെല്‍വിത്തുകളുടെ സൂക്ഷിപ്പുകാരന്‍ നാട്ടില്‍ തിരിച്ചെത്തി
മാനന്തവാടി: അപൂര്‍വ്വ ഇനം നെല്‍വിത്തുകളുടെ സൂക്ഷിപ്പുകാരന്‍ ചെറുവയല്‍ രാമന്‍ ഹൃദ്രോഗത്തിനുള്ള ചികിത്സക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. യു.എയിലെ അജ്മാനില്‍ വിത്തിറക്കല്‍ ഉത്സവത്തിന് പോയിരുന്ന രാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രവാസികള്‍ നല്‍കിയ അളവറ്റ സ്‌നേഹം നുകര്‍ന്നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പ്രവാസി സ്‌കൂളില്‍ നെല്‍വിത്തറക്കല്‍ ഉത്സവത്തിനായി ചെറുവയല്‍ രാമനെ യു.എ.ഇയിലേക്ക് കൊണ്ടു പോയത്.
വയലും വീടും എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയോട് ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഒക്ടോബര്‍ അഞ്ചിന് പരിപാടി നടക്കാനിരിക്കെ നാലാം തിയതിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പരിചരിക്കുന്നതിനായി ഇളയ മകന്‍ രാജേഷിനെയും സംഘാടകര്‍ യു.എ.ഇയിലേക്ക് കൊണ്ടു പോയിരുന്നു. യു.എ.ഇയിലെ പ്രമുഖ വ്യവസായികളും പരിപാടിയുടെ സംഘാടകരും അകമഴിഞ്ഞ സഹായമാണ് ഈ കര്‍ഷകന് നല്‍കിയത്. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെയുള്ള ജീവനക്കാര്‍ നിറഞ്ഞ സ്‌നേഹവായ്‌പോടെയാണ് പരിചരിച്ചതെന്ന് രാമന്‍ പറഞ്ഞു. കൃഷിയിടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുമോയെന്ന ആശങ്ക മണ്ണിന്റെ മനസറിയുന്ന രാമേട്ടനെ അലട്ടുന്നുണ്ട്. തിങ്കളാഴ്ച വിത്തിറക്കല്‍ ചടങ്ങ് നടത്തിയ ശേഷം നാട്ടിലേക്ക് തിരിച്ച ഇദ്ദേഹത്തിന്റെ തുടര്‍ ചികിത്സകള്‍ നാട്ടിലാണ് നടത്തേണ്ടത്. വീട്ടില്‍ വിശ്രമിക്കുന്ന രാമന്‍ അടുത്ത ആഴ്ച ഇതിനായി കോഴിക്കോട്ടേക്ക് പോവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."