വമ്പന്‍ റാലി, അക്രമാസക്തമായ പ്രതിഷേധം; 100-ാം ദിനത്തിലും ഹോങ്കോങ് തെരുവില്‍ പ്രക്ഷോഭം
ഹോങ്കോങ്: നൂറാം നാളിലേക്കു കടന്ന ഹോങ്കോങ് പ്രക്ഷോഭം ഇന്നും അക്രമാസക്തമായി. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിനെതിരെ പൊലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ വിലക്കു ലംഘിച്ച് പ്രകടനം നടത്തിയതോടെയാണ് പൊലിസ് നടപടിയുണ്ടായത്.
ഒരുവിഭാഗം സര്‍ക്കാര്‍ ഓഫിസുകളിലേക്ക് കല്ലും പെട്രോള്‍ ബോംബും എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ ബ്രിട്ടിഷ് സഹായം അഭ്യര്‍ഥിച്ച് വേറൊരു കൂട്ടര് കോണ്‍സുലേറ്റിനു പുറത്ത് ബ്രിട്ടിഷ് ദേശീയഗാനം ആലപിക്കുകയും 'ഹോങ്കോങ്ങിനെ രക്ഷിക്കുക' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
പ്രതിഷേധത്തിനു കാരണമായ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭകാരികള്‍ക്കെതിരായ പൊലിസ് നടപടിയില്‍ അന്വേഷണം, അറസ്റ്റിലായവര്‍ക്കു പൊതുമാപ്പ്, സാര്‍വത്രിക വോട്ടവകാശം തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് പ്രക്ഷോഭം തുടരുന്നത്.
കമ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിന്റെ 70-ാം വാര്‍ഷികവും മറ്റും വരാനിരിക്കുന്നതിനാല്‍ വരുന്ന ആഴ്ചകളില്‍ പ്രക്ഷോഭം ഇനിയും ശക്തിപ്പെടുമെന്നാണു സൂചന. ഇതിനിടെ, നഗരം വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹോങ്കോങ്ങുകാര്‍ക്ക് ബ്രിട്ടനിലോ മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലോ പൗരത്വം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."