അസ്ലമിന്റെ വീടെന്ന സ്വപ്നം പൂവണിയുന്നു
തിരൂര്‍: കിടപ്പാടമില്ലാതെ ദുരിതമനുഭവിച്ച കായികതാരത്തിന് കാരുണ്യഭവനമൊരുങ്ങി. 2011 ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടി നാടിന്റെ അഭിമാനമായ തൃപ്രങ്ങോട് ബീരാന്‍ചിറ സ്വദേശി വലിയകത്ത് മുഹമ്മദ് അസ്ലമിന്റെ വീടെന്ന സ്വപ്നമാണ് പൂവണിഞ്ഞത്.
ഒമാനിലെ സലാല കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചു ഭവനമൊരുക്കിയത്. വീടുവയ്ക്കാനുള്ള നാലര സെന്റ് സ്ഥലം വാങ്ങാനും ചെറിയതോതില്‍ ഇവര്‍ സഹായവും നല്കി. കായിക പ്രതിഭയ്ക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ലെന്ന വിവരമറിഞ്ഞ കെ.എം.സി.സി ഭാരവാഹികള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് ഈ കുടുംബത്തിന് ബൈത്തുറഹ്മ നിര്മിച്ചുനല്കാന് തീരുമാനിക്കുകയായിരുന്നു.
വീടിന്റെ താക്കോല്‍ നാളെ വൈകീട്ട് ഏഴിന് ബീരന്ചിറയില് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അസ്ലമിന് കൈമാറും. പരിപാടിയില്‍ അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ, നൗഷാദ് മണ്ണിശ്ശേരി, സിദ്ദീഖലി രാങ്ങാട്ടൂര്‍, വെട്ടം ആലിക്കോയ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സലാല കെ.എം.സി.സി മലപ്പുറം ജില്ലാ രക്ഷാധികാരികളായ വി.ടി.എസ് പൂക്കോയ തങ്ങള്‍, വി.പി റഹിം താനാളൂര്‍, ജോയിന്റെ സെക്രട്ടറി അബ്ദുറഹ്മാന്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് അബ്ദുള്ള അന്‍വരി മുടിക്കോട്, ജോയിന്റ് സെക്രട്ടറി നാസര്‍ കോക്കൂര്‍, മുജീബ് പുളിക്കല്‍, മുസ്തഫ വളാഞ്ചേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."