മകന്‍പൂര്‍ കനാലില്‍ ചോര ചിന്തിയവര്‍ ശിക്ഷിക്കപ്പെടുന്നത് മൂന്നുപതിറ്റാണ്ട് കഴിഞ്ഞ്
ന്യൂഡല്‍ഹി: രൂക്ഷമായ വര്‍ഗീയ കൊലപാതകങ്ങളും ബാബരി മസ്ജിദ് പൊളിക്കുകയെന്ന ലക്ഷ്യത്തോടെ സംഘ്പരിവാര്‍ തുടങ്ങിവച്ച അയോധ്യാ പ്രക്ഷോഭങ്ങളും വഴി വര്‍ഗീയ അസ്വസ്ഥതയുടെ മാപിനി അതിന്റെ തീവ്രതയില്‍ എത്തിനില്‍ക്കെയാണ് ഹാഷിംപുര കൂട്ടക്കൊലയും സമൂഹമനസ്സാക്ഷി മരവിച്ച മനസോടെ കേട്ടത്. ഡല്‍ഹിയില്‍നിന്ന് 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മീററ്റിലെത്താം.
ഒന്നാം സ്വാതന്ത്ര്യസമരമായ ശിപായി ലഹള പൊട്ടിപ്പുറപ്പെട്ടതുള്‍പ്പെടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന നഗരമാണ് മീററ്റ്. 62 ശതമാനം ഹിന്ദുക്കളും 34 ശതമാനം മുസ്‌ലിംകളുമാണ് ഇവിടത്തെ ജനസംഖ്യ.
1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിനടുത്ത് പൂജ നടത്താന്‍ അനുവദിച്ചതോടെയാണ് മീററ്റില്‍ വര്‍ഗീയത ഉരുണ്ടുകൂടുന്നത്.
പൊട്ടിത്തെറിക്കാന്‍ കാരണം കാത്തുകിടക്കുകയായിരുന്ന സംഘ്പരിവാര്‍ വര്‍ഗീയ വാദികള്‍ക്കിടയിലേക്കാണ് 1987 മെയ് 19ന് പ്രഭാത് കൗശിക് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ച വാര്‍ത്തയെത്തിയത്. കത്തിപ്പടര്‍ന്ന കലാപം അടിച്ചമര്‍ത്താന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതാവട്ടെ പി.എ.സിയെ.
മുസ്‌ലിംകളോട് എന്നും വിവേചനം കാണിച്ച ചരിത്രമുള്ള പി.എ.സി ക്രൂരമായാണ് കലാപം നേരിട്ടത്. മീററ്റ് നഗരമധ്യത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഹാഷിംപുരയിലേക്കുള്ളൂ.
പ്രഭാത് കൗഷികിന്റെ സഹോദരന്‍ മേജര്‍ സതീഷ് ചന്ദ്ര കൗശിക് എന്ന സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പി.എ.സി ഹാഷിംപുരയില്‍ എത്തിയത്. പ്രഭാത് കൗഷികിന്റെ ശവമടക്ക് കഴിഞ്ഞ് അടുത്തദിവസം വൈകിട്ട് തന്നെ പി.എ.സി ഹാഷിംപുര വളഞ്ഞു. റമദാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നു അന്ന്. നോമ്പ് തുറന്ന് വിശ്രമിക്കുകയായിരുന്ന കൗമരപ്രായം കഴിഞ്ഞ മുഴുവന്‍ മുസ്‌ലിം ചെറുപ്പക്കാരെയും പി.എ.സി വീടുകളില്‍നിന്ന് വലിച്ചിറക്കി.
എല്ലാവരെയും ഹാഷിംപുര പള്ളിക്കുമുന്നില്‍ നിര്‍ത്തി. 500നും 600നും ഇടയ്ക്കുവരുമായിരുന്നു അവര്‍. യുവാക്കളെ തിരഞ്ഞുപിടിച്ച് മര്‍ദിച്ചാണ് ട്രക്കില്‍ കയറ്റിയത്.
കൂട്ടക്കൊല പൊലിസും സൈന്യവും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്ന് സംഭവം നടക്കുമ്പോള്‍ ഹാഷിംപുര സ്ഥിതി ചെയ്യുന്ന ഗാസിയാബാദ് എസ്.പിയായിരുന്ന വിഭൂതി നാരായണ്‍ റായ് എഴുതിയ 'ഹാഷിംപുര: 22 മെയ് 'എന്ന പുസ്തകത്തിലും അടിവരയിടുന്നുണ്ട്.
മെയ് 21, 22 തിയതികളില്‍ മീററ്റില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത ആളുകളെ രണ്ടായി തിരിച്ചു. കൊല്ലാനായി ഇതില്‍നിന്ന് 40- 45 യുവാക്കളെ തിരഞ്ഞെടുത്തു. ഇവരെ പി.എ.സിയുടെ യു.ആര്‍.യു 1493 നമ്പര്‍ ട്രക്കില്‍ കയറ്റി മകന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിന് അരികെ കൊണ്ടുപോയി ഓരോരുത്തരെയായി തോക്കിനിരയാക്കിയെന്നും പുസ്തകത്തിലുണ്ട്.
കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സുല്‍ഫിക്കര്‍ നാസറാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. കൗമാരപ്രായം പിന്നിട്ട സുല്‍ഫിക്കറിന് തോളിലാണ് വെടിയേറ്റത്.
മരിച്ചെന്നു കരുതി പി.എ.സിക്കാര്‍ സുല്‍ഫിക്കറിനെയും കനാലിലേക്ക് തള്ളിയിട്ടു. ഇരുഭാഗത്തും വയലുകളുള്ള മകന്‍പൂര്‍ കനാലില്‍ ഒഴുകിയ ചോരയിലൂടെ വേദന കടിച്ചമര്‍ത്തി നീന്തി ഒരുവിധം ഒഴിഞ്ഞ സ്ഥലത്തെത്തി രക്ഷപ്പെടുകയായിരുന്നു സുല്‍ഫിക്കര്‍.
കൂട്ടക്കൊലയെപ്പോലെ തന്നെ ഭീകരമായിരുന്നു പൊലിസും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മാറിമാറിവന്ന സര്‍ക്കാരുകളും കേസ് അട്ടിമറിക്കാനായി ചെയ്തതും. 161 പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.
പോകുന്ന വഴിക്ക് വാഹനത്തില്‍ വെച്ചു തന്നെ പൊലിസ് വെടിവയ്പ്പ് ആരംഭിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസ് കൂടിയാണിത്. 30 വര്‍ഷമായി 'കാണാനില്ല'എന്ന് ഉത്തര്‍പ്രദേശ് പൊലിസ് ആവര്‍ത്തിച്ച് കോടതിയെ ബോധ്യപ്പെടുത്തുകയും ഇതേത്തുടര്‍ന്ന് തെളിവില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ മുഴുവന്‍ പ്രതികളും രക്ഷപ്പെടുകയും ചെയ്ത ഈ കേസില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി അധികാരത്തിലിരിക്കെ ഇതുവരെ കാണാതിരുന്ന കേസ് ഡയറി കണ്ടുകിട്ടിയ യാദൃശ്ചികത നിലനില്‍ക്കെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇന്നലത്തെ വിധി, അതും പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."