ഡെങ്കി പഠനത്തിലെ കണ്ടെത്തലുകള്‍ ഉപയോഗപ്രദമാക്കുമെന്ന് മന്ത്രി ശൈലജ
തിരുവനന്തപുരം: കേരള സര്‍ക്കാരും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ഡെങ്കി പഠനത്തിന്റെ അവലോകന യോഗം തിരുവനന്തപുരത്ത് നടന്നു. മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അവലോകന യോഗം ഉദ്ഘാടനം ചെയ്തു. ഡെങ്കിപ്പനിയുടെ ആഘാതം കുറയ്ക്കാന്‍ ആവശ്യമായ സങ്കേതങ്ങള്‍ കണ്ടെത്തുന്നതിന് ഡെങ്കി പഠനം ഉപയോഗപ്രദമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയെ പ്രതിനിധീകരിച്ച് ഡോ. ബി.എന്‍ നാഗ്പാല്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.ബി. ഇക്ബാല്‍ മുഖ്യപ്രഭാഷണം നടത്തി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ഡോ.എ. റംലാ ബീവി, ജോയിന്റ് ഡയരക്ടര്‍ ഡോ. ശ്രീകുമാരി, ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയരക്ടര്‍ ഡോ. കെ.ജെ റീന, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു, ഡോ. ശാരദ ദേവി, ഡോ. അരവിന്ദ്, ഡോ.ജി. ശ്രീകുമാര്‍ പരിപാടിയില്‍ പങ്കെടുത്തു.
പഠനവുമായി ബന്ധപ്പെട്ട് സിങ്കപ്പൂര്‍ അന്തര്‍ദേശീയ ശില്‍പശാലയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡെങ്കി പഠനത്തില്‍ നിന്നും അന്തര്‍ദേശീയ സെമിനാറില്‍നിന്നും ലഭ്യമായ വിവരങ്ങള്‍ അവലോകന യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ഡെങ്കിപ്പനി നിയന്ത്രണത്തിന് ഇതെങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. ഡോ. ബി. ഇക്ബാല്‍ ചര്‍ച്ചയില്‍ അധ്യക്ഷനായി.
തിരുവനന്തപുരം ജില്ലയില്‍ 41.2 ശതമാനം കുട്ടികളുടെ ശരീരത്തില്‍ മുന്‍പ് ഡെങ്കി വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു.
കൊല്ലം ജില്ലയില്‍ പുനലൂര്‍, അഞ്ചല്‍, കടയ്ക്കല്‍ മേഖലകളിലുള്ള 9 മുതല്‍ 12 വയസുവരെയുള്ള കുട്ടികളില്‍ 20 ശതമാനത്തിലധികം പേര്‍ക്ക് മുന്‍പ് ഡെങ്കി വൈറസ് ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
ഈ വര്‍ഷം പൊതുവേ ഡെങ്കിപ്പനി കുറവായിരുന്നുവെന്നും തിരുവനന്തപുരം ജില്ലയില്‍ വളരെ കുറവായിരുന്നുവെന്നും അവലോകന യോഗം വിലയിരുത്തി.
ഡെങ്കിപ്പനി നിയന്ത്രണത്തിന് ആവശ്യമായ മാര്‍ഗങ്ങള്‍ യോഗം ശുപാര്‍ശ ചെയ്തു. കേരള സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബ്, ഇന്‍ഫെഷ്യസ് ഡിസീസ് വിഭാഗം, മൈക്രോബയോളജി വിഭാഗം, ശിശുരോഗ വിഭാഗം എന്നിവ സംയുക്തമായാണ് പഠനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."