സുരക്ഷയും നിരീക്ഷണവും ശക്തം
കോഴിക്കോട്: മണ്‍സൂണ്‍കാല ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് തീരത്ത് സുരക്ഷ കര്‍ശനമാക്കി. നിരോധനം ലംഘിക്കുന്നവരെ പിടികൂടാനായി ഫിഷറീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും കരയിലും കടലിലും ശക്തമായ പരിശോധന നടത്തും. നിരോധന മുന്നറിയിപ്പ് നല്കുന്ന നോട്ടിസ് ഹാര്‍ബറില്‍ വിതരണം ചെയ്യുകയും ഇതു സംബന്ധിച്ചുള്ള മൈക്ക് അനൗണ്‍സ്മെന്റ് ഫിഷറീസ് വകുപ്പ് നടത്തുകയും ചെയ്തു.
ഇതരസംസ്ഥാനത്ത് നിന്നുള്ള ബോട്ടുകളോട് കേരള തീരം വിടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു അര്‍ധരാത്രി മുതല്‍ തന്നെ ഫിഷറീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്ത പട്രോളിങ് തുടങ്ങും. ഇതിനായി ബേപ്പൂര്‍, കൊയിലാണ്ടി, പുതിയാപ്പ എന്നിവിടങ്ങളിലേക്ക് ബോട്ടുകള്‍ വാടകക്കെടുത്തിട്ടുണ്ട്. ചോമ്പാലയിലേക്ക് യന്ത്രവല്‍കൃത വള്ളമാണ് നിരീക്ഷണത്തിനായി ഏര്‍പ്പാടാക്കിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് പുറമെ 12 റെസ്ക്യൂ ഗാര്‍ഡുകളെയും നിയമിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലിസും കടലില്‍ പരിശോധന നടത്തും. നിരോധന കാലത്ത് യന്ത്രവല്‍കൃത വള്ളങ്ങള്‍ പരിധി ലംഘിച്ചും ഡബിള്‍ നെറ്റ് വല ഉപയോഗിച്ചും മീന്പിടുത്തത്തിലേര്പ്പെടുന്നതിനും കര്‍ശനമായ നടപടിയുണ്ടാകും.
കാലാവസ്ഥ മുന്നറിയിപ്പുകളും ബന്ധപ്പെട്ട വകുപ്പുകളുടെ മറ്റുനിര്‍ദേശങ്ങളും പാലിച്ചും മതിയായ സുരക്ഷ ക്രമീകരണങ്ങളോടെ മാത്രമേ പരാമ്പരാഗത വള്ളങ്ങള്‍ കടലിലിറങ്ങാന്‍ പാടുള്ളുവെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."