പ്രതിഷേധത്തിനൊടുവില്‍ എച്ച്.എം.സി മുട്ടുമടക്കി, ജില്ലാ ആശുപത്രിയില്‍ ജനറേറ്റര്‍ കെല്ലിന്റേതു തന്നെ
നിലമ്പൂര്‍: പ്രതിഷേധത്തിനൊടുവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ കെല്ലിനെ ഒഴിവാക്കി സ്വകാര്യ ഏജന്‍സികള്‍ക്കു വേണ്ടി ഓപണ്‍ ടെണ്ടര്‍ നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. ജനററ്റേര് സ്ഥാപിക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ ഏജന്‍സിയായ കെല്ലിനു തന്നെ എച്ച്.എം.സി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെ ജനറേറ്റര്‍, സര്‍ക്കാര്‍ ഏജന്‍സിയെ ഒഴിവാക്കിയതു വിവാദമാകുന്നു എന്ന തലക്കെട്ടില്‍ ജൂണ്‍ 30നു സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ പി.വി അന്‍വര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന എച്ച്.എം.സി യോഗത്തിലാണ് കെല്ലിനു തന്നെ കരാര്‍ നല്കാന് തീരുമാനിച്ചത്. മുന്‍പു ജില്ലാ പഞ്ചായത്ത് കെല്ലിന്റെ സഹായത്തോടെ ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നഷ്ടമാണെന്നു കാണിച്ച് ആശുപത്രി വികസന സമിതി തീരുമാനം റദ്ദു ചെയ്യുകയായിരുന്നു.
കെല്ലില്‍ നിന്നും ജനറേറ്റര്‍ വാങ്ങാനുള്ള തീരുമാനം നിലനില്‍ക്കെ താത്കാലിക പരിഹാരമായി നിലമ്പൂര്‍ പി.വി അന്‍വര്‍ എംഎല്‍എ മുന്‍കൈ എടുത്തു ദിവസ വാടകക്കു ജനറേറ്റര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ദിനംപ്രതി 3000 രൂപ വാടക നല്‍കിയാണു പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനിടെയാണു പുതിയ ജനറേറ്ററിനു കാലതാമസം നേരിടും വിധം കെല്ലിനെ ഒഴിവാക്കി ഓപ്പണ്‍ ടെണ്ടര്‍ നല്കി ജനറേറ്റര്‍ വാങ്ങാനുള്ള തീരുമാനം എച്ച്.എം.സി നേരത്തെ കൈക്കൊണ്ടത്. നടപടിക്രമങ്ങള്‍ കഴിഞ്ഞു പുതിയ ജനറേറ്റര്‍ ലഭ്യമാകാന്‍ കാലമേറെയെടുക്കുമെന്നിരിക്കെ ഇതിനെതിരേ ലീഗ് അംഗങ്ങള്‍ ഉള്‍പ്പെടെ ശക്തമായി രംഗത്തു വരികയും ജില്ലാ പഞ്ചായത്ത് തന്നെ ജനറേറ്റര്‍ സ്ഥാപിക്കട്ടെ എന്നു തീരുമാനിക്കുകയും ചെയ്തതോടെയാണ് എച്ച്.എം.സി. തീരുമാനം റദ്ദ് ചെയ്തു കെല്ലിനു തന്നെ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് അനുതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."