സംഘ് പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവെച്ച സമ്മാന വിതരണം സ്പീക്കര്‍ നിര്‍വഹിച്ചു
പൊന്നാനി: സംഘ് പരിവാര്‍ സംഘടനകളുടെ കനത്ത എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റി വെച്ച മാറഞ്ചേരി മുക്കാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബിയില്‍ ഉന്നത മാര്‍ക്കു നേടിയ വിദ്യാര്‍ഥിക്കുള്ള സമ്മാന വിതരണം ഇന്നലെ നടന്നു. മാറഞ്ചേരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉന്നത മാര്‍ക്ക് നേടിയ കുട്ടിക്ക് സ്വര്‍ണ നാണയം സമ്മാനിച്ചു.
ഒരു മാസം മുന്‍പ് ഈ ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സമ്മാനദാന ചടങ്ങ് സ്‌കൂള്‍ അധികൃതര്‍ മാറ്റിവെക്കുകയായിരുന്നു. അറബിയില്‍ ഉന്നത മാര്‍ക്ക് നേടിയവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനിക്കുന്നത് വര്‍ഗീയത വളര്‍ത്തുമെന്നാരോപിച്ചാണ് പരിവാര്‍ സംഘടനകള്‍ സമ്മാനദാനത്തെ എതിര്‍ത്തത്. സ്‌കൂളിലെ അറബിക് ക്ലബാണ് സ്വര്‍ണ നാണയം സമ്മാനിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇത് മുടക്കമില്ലാതെ നടന്നിരുന്നു. എതിര്‍പ്പിനെത്തുടര്‍ന്ന് അന്ന് സമ്മാന ദാന ചടങ്ങ് മാറ്റിവെച്ചെങ്കിലും നിരവധി യുവജന സംഘടനകള്‍ സമ്മാനദാന ചടങ്ങ് നടത്തിയിരുന്നു.
ചടങ്ങില്‍ സ്‌കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. പഠനത്തെ രസകരമാക്കാനും ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങാനും ക്ലബുകള്‍ ഉപകാരപ്പെടുമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. വി. സുധാകരന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ കൃഷ്ണകുമാര്‍, പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."