റോഡുകള്‍ക്ക് അന്തര്‍ദേശീയ നിലവാരം ഉറപ്പുവരുത്തും
തിരുവനന്തപുരം: പശ്ചാത്തലസൗകര്യ വികസനത്തിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു.
റോഡ് ശൃംഖലകള്‍ക്ക് അന്തര്‍ദേശീയ നിലവാരം, സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡുകള്‍, അഴിമതിരഹിതമായ നിര്‍മാണം, സുതാര്യത എന്നിവക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് നയം. പുതിയ നയം നടപ്പാക്കുന്നതിന് എന്‍ജിനിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. പൊതുമരാമത്ത് ഓഡിറ്റ് നിര്‍ബന്ധമാക്കും. സ്ഥലംകിട്ടാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി നടപടികള്‍ വേഗത്തിലാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ക്വാളിറ്റി മാന്വല്‍, ലബോറട്ടറി മാന്വല്‍ എന്നിവയിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും.
പരിസ്ഥിതിസൗഹൃദ നിര്‍മാണ സംവിധാനം ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മലയോര ഹൈവേയും (1,627 കിലോമീറ്റര്‍) തീരദേശ ഹൈവേയും (656 കിലോമീറ്റര്‍) ഉടന്‍ പൂര്‍ത്തിയാക്കും. ശബരിമലയിലേക്കുള്ള റോഡുകള്‍ മെച്ചപ്പെടുത്തി ഏഴുകൊല്ലത്തെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കും. റോഡുകളിലെ കൈയേറ്റം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."