ഗൂഗിള്‍ ജീവനക്കാര്‍ പ്രതിഷേധിച്ച് ഓഫിസുകളില്‍ നിന്നിറങ്ങിപ്പോയി
കാലിഫോര്‍ണിയ: പീഡന ആരോപണങ്ങളില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഗൂഗിള്‍ ജീവനക്കാര്‍ ലോക വ്യാപകമായി വാക്ക് ഔട്ട് നടത്തി. വ്യാഴാഴ്ച പ്രാദേശിക സമയം 11 മണിക്കാണ് പ്രതിഷേധം നടത്തിയത്. തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള ലൈംഗിക അതിക്രമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ കമ്പനി മാറ്റംവരുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പീഡനാരോപണം സ്ഥാപനത്തിനുള്ളില്‍ തന്നെ കൈകര്യം ചെയ്യുന്നതിനോട് കടുത്ത വിയോജിപ്പാണുള്ളത്. ഇത് പലപ്പോഴും ഒത്തുതീര്‍പ്പിലാണെത്താറുള്ളത്.
എന്നാല്‍, അവകാശങ്ങള്‍ക്കായുള്ള ജീവനക്കാരുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്ന് ഗൂഗിള്‍ ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചൈ മുഴുവന്‍ ജീവനക്കാര്‍ക്കുമയച്ച ഇമെയിലില്‍ പറയന്നു. നിങ്ങളുടെ രോഷവും നിരാശയും താന്‍ മനസിലാക്കുന്നു. ഈ വിഷയത്തില്‍ ആവശ്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണ്. ഗൂഗിളിലും മാറ്റംവരുമെന്ന് സുന്ദര്‍പിച്ചൈ പറഞ്ഞു. ഗൂഗിള്‍ വാക്ക് ഔട്ട് എന്ന പേരില്‍ ട്വിറ്ററിലൂടെയുള്ള പ്രചാരണത്തിലൂടെയാണ് ജീവനക്കാന്‍ പ്രതിഷേധം നടത്തിയത്. ആദ്യമായാണ് ഗൂഗിള്‍ ജീവനക്കാര്‍ ഇത്തരത്തില്‍ ലോക വ്യാപകമായി വാക്ക് ഔട്ട് പ്രതിഷേധം നടത്തുന്നത്.
ലൈംഗിക അതിക്രമ പരാതികളില്‍ ഗൂഗിള്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ജീവനക്കാരുടെ പ്രതിഷേധം. 'ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ഗൂഗിള്‍ സംരക്ഷിച്ചതെങ്ങനെ' എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ട് വന്നത്. ആന്‍ഡ്രോയിഡ് നിര്‍മാതാവ് ആന്‍ഡി റൂബിന്‍ 2014 ഒക്ടോബറിലാണ് ഗൂഗിള്‍ വിടുന്നത്. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നാണ് പിരിച്ചുവിടുന്നതെന്ന കാര്യം ഗൂഗിള്‍ മറച്ചുവച്ചു. 90 ദശലക്ഷം ഡോളര്‍ ചിലവിനത്തില്‍ നല്‍കിയാണ് ആന്‍ഡി റൂബിനെ പറഞ്ഞുവിട്ടത്.
ആരോപണങ്ങളെ തുടര്‍ന്ന് 48 ജീവനക്കാരെയാണ് ഗൂഗിള്‍ കൂടുതലായി പണമൊന്നും നല്‍കാതെ പിരിച്ചുവിട്ടത്. നേരത്തെ ഇത്തരം രീതികള്‍ ഗൂഗിളിലുണ്ടായിരുന്നില്ലെന്നതാണ് വിമര്‍ശനം. വ്യാഴാഴ്ചത്തെ പ്രതിഷേധത്തിനിടെ ഗൂഗിളിന് മുമ്പാകെ ആറ് ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."