സാക്കിര്‍ നായിക്കിനെ കൈമാറാന്‍ മോദി ആവശ്യപ്പെട്ടില്ലെന്ന് മലേഷ്യ
ക്വാലാലംബൂര്‍: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന വാദം തള്ളി മലേഷ്യ. താന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ നായിക്കിനെ കൈമാറണമെന്ന് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ദേശീയ റേഡിയോക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഈമാസമാദ്യം റഷ്യയില്‍ നടന്ന ഈസ്റ്റ് എക്കണോമിക് ഫോറം യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മോദി മഹാതീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതില്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്ന കാര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു. ഇതാണ് മഹാതീര്‍ നിഷേധിച്ചിരിക്കുന്നത്.
മൂന്നു വര്‍ഷമായി മലേഷ്യയില്‍ കഴിയുന്ന നായിക്കിനെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും സാമുദായിക സൗഹാര്‍ദം ഇല്ലാതാക്കിയതിനും ഇന്ത്യയില്‍ കേസുകളുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ഭീകരതക്ക് സാമ്പത്തികസഹായം ചെയ്തതിനും കള്ളപ്പണം വെളുപ്പിച്ചതിനും ഇദ്ദേഹത്തിനെതിരേ കേസെടുത്തിട്ടുണ്ട്.
ഫേസ്ബുക്കില്‍ ഒന്നര കോടിയോളം അനുയായികളുള്ള നായിക്ക് 2016ലെ ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ വിട്ടത്. നായിക്കിന്റെ പ്രഭാഷണമാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് പിടിയിലായ ചാവേര്‍ അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയതായി പൊലിസ് പറയുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്താണ് നായിക്കിന് മലേഷ്യ സ്ഥിരംപൗരത്വം നല്‍കിയത്. എന്നാല്‍ മലേഷ്യയിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ചൈനക്കാര്‍ക്കെതിരേയും വിവാദ പ്രസ്താവന നടത്തിയ സാക്കിര്‍ നായിക്കിനെതിരേ മലേഷ്യന്‍ പൊലിസ് കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
രാജ്യത്ത് മതപ്രസംഗം നടത്തുന്നതിന് സര്‍ക്കാര്‍ അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനിടെ നായിക്കിനെ ഇന്ത്യയല്ലാത്ത മറ്റേതെങ്കിലും രാജ്യത്തിനു കൈമാറാന്‍ മലേഷ്യ ശ്രമിച്ചുവരുകയാണ്. എന്നാല്‍ ഒരു രാജ്യവും അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നാണ് മലേഷ്യന്‍ അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."